ഇരിട്ടി > ആറളത്തെ കാട്ടുമൃഗങ്ങളെ കാണാൻ വന്യജീവി സങ്കേതത്തിനുള്ളിലെ കാടുകയറേണ്ട, അവരെല്ലാം നിരന്നുനിൽക്കുന്നുണ്ട്, വളയംചാലിലൊരുക്കിയ കൂറ്റൻ ചിത്രമതിലിൽ. ജീവജാലങ്ങളുടെ ജീവൻ തുടിക്കുന്ന ബഹുവർണചിത്രങ്ങൾ ഇവിടെ കാണാം. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിലാണു വളയംചാൽ വന്യജീവി സങ്കേതം ഓഫീസിന് സമീപത്തെ പാലം അപ്രോച്ച് റോഡിന്റെ കൂറ്റൻ ചുമരിൽ ‘കാട്ടുപച്ച വാൾ ആർട്ട് പെയ്ന്റിങ്'' എന്ന പേരിൽ 45 മീറ്റർ നീളത്തിൽ ചിത്രം വരച്ചത്. ചീങ്കണ്ണിപ്പുഴയിൽ ധാരാളമായുള്ള ‘മിസ് കേരള’ സുന്ദരി മത്സ്യത്തിന്റെ പതിന്മടങ്ങ് വലുപ്പത്തിലുള്ള ചിത്രം ചിത്രമതിലിൽ കാഴ്ചക്കാരെ വരവേൽക്കുക.
ആമ, തീകാക്കകൾ, പറക്കുന്ന ഓന്ത്, മ്ലാവ്, മൂന്നിനം വേഴാമ്പലുകൾ, ബുദ്ധമയൂരി, വിലാസിനി, മഞ്ഞപാപ്പാത്തി തുടങ്ങി വിവിധയിനം പൂമ്പാറ്റകൾ, കുട്ടിതേവാങ്ക്, സിംഹവാലൻ കുരങ്ങുകൾ, പാമ്പ്, പറക്കുന്ന അണ്ണാൻ, ആനകൾ, കടുവ, കാട്ടുവള്ളികൾ തുടങ്ങിയ ചിത്രങ്ങളും കൺകുളിർക്കെ കാണാം. ജീവികളുടെ തനത് വലിപ്പത്തിൽ വരച്ചതാണ് കാഴ്‌ചക്കാർക്ക് പുതുമയാവുക. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന്റെ മേൽനോട്ടത്തിൽ ചിത്രകാർ കേരള കൂട്ടായ്മ അംഗങ്ങളായ അനൂപ് മോഹൻ, ശ്രീനാഥ് ബങ്കളം, രജീന രാധാകൃഷ്ണൻ, രാജേഷ് എടച്ചേരി, രാംഗോകുൽ പെരിയ, രാജേന്ദ്രൻ മീങ്ങോത്ത്, മനീഷ മറുവാരശ്ശേരി, ഷിബു ഗോപി എന്നിവരാണ് മൂന്ന് ദിവസംകൊണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയത്.
ആറളം വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്, അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ വി സിജേഷ്, വന്യജീവി പ്രവർത്തകൻ റോഷ്നാഥ് രമേഷ് എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..