കൊച്ചി
സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിയിൽ ഏതെങ്കിലും തരത്തിലുള്ള ചട്ടവിരുദ്ധ ഇടപാടുകൾ നടന്നെന്ന് പ്രഥമദൃഷ്ട്യാ കരുതുന്നില്ലെന്നും നിലവിൽ അന്വേഷണം ആവശ്യമില്ലെന്നും ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടെൻഡർ നടപടികൾ തുടരാം.
ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. കെ ഫോൺ സംബന്ധിച്ച് സിഎജി റിപ്പോർട്ടിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ നിയമസഭയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും പരിശോധിക്കും. അതിൽ പ്രതിപക്ഷ നേതാവായ ഹർജിക്കാരന് വിശദീകരണം തേടാം. ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബങ്ങൾക്കും 30,000ലേറെ സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലക്ഷ്യമിടുന്ന പദ്ധതി പുരോഗമിക്കുന്ന ഘട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പിന്റെ വിശദീകരണവും കോടതി കണക്കിലെടുത്തു. 20,336 ഓഫീസുകൾക്കും 5484 കുടുംബങ്ങൾക്കും നിലവിൽ സേവനം ലഭിക്കുന്നുണ്ട്. കൂടുതൽ മേഖലകളിൽ ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്–- എജി അറിയിച്ചു.
നേരത്തേ ഹർജി പരിഗണിച്ചപ്പോൾ പ്രതിപക്ഷ നേതാവിന് പ്രശസ്തിക്കുള്ള താൽപ്പര്യമാണോ പൊതുതാൽപ്പര്യമാണോയെന്ന് കോടതി ചോദിച്ചിരുന്നു. 2019ൽ നിലവിൽവന്ന കരാർ 2024ൽ ചോദ്യംചെയ്യുന്നതിന്റെ പൊതുതാൽപ്പര്യം എന്തെന്നും ആരാഞ്ഞു. സിഎജി റിപ്പോർട്ട് വന്നശേഷം മറ്റ് തെളിവുകൾ ഹാജരാക്കാമെന്നായിരുന്നു വി ഡി സതീശൻ അറിയിച്ചത്. എന്നാൽ സിഎജി റിപ്പോർട്ട് കിട്ടിയശേഷം സമീപിച്ചാൽ മതിയായിരുന്നില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. കരാറിൽ അഴിമതിയുണ്ടെന്ന് സതീശൻ ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..