തിരുവനന്തപുരം
കഴക്കൂട്ടത്ത് നിന്നും വീടുവിട്ടിറങ്ങിയ അസം സ്വദേശിനി തസ്മിത് തംസുമിനെ (14) 37 മണിക്കൂറിന് ശേഷം വിശാഖപട്ടണം സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. താംബരം–സാന്ദ്രാഗച്ചി എക്സ്‌പ്രസിന്റെ അൺറിസർവ്‌ഡ് കോച്ചിൽ കിടന്ന് കരയുകയായിരുന്ന കുട്ടിയെ മലയാളി സമാജം പ്രവർത്തകരാണ് ബുധൻ രാത്രി പത്തോടെ തിരിച്ചറിഞ്ഞത്. തസ്മിത് ഈ ട്രെയിനിലുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവർ പരിശോധന നടത്തിയത്. കുട്ടി ഒന്നും സംസാരിക്കാൻ തയാറായില്ല. പൊലീസ് വ്യാഴാഴ്ച വിശാഖപട്ടണത്തേക്ക് തിരിക്കും. നിലവിൽ കുട്ടി ആർപിഎഫ് സംരക്ഷണയിലാണ്.
പെൺകുട്ടി ട്രെയിനിൽ കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചതോടെ ബുധനാഴ്‌ച തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ബംഗളൂരു–കന്യാകുമാരി എക്‌സ്‌പ്രസിൽ യാത്രചെയ്‌ത നെയ്യാറ്റിൻകര സ്വദേശിനി ബബിത പെൺകുട്ടിയെ കണ്ടിരുന്നു. ഇവർ പകർത്തിയ ചിത്രം പൊലീസിന് നൽകിയത് നിർണായകമായി. തുടർന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.
കേരള പൊലീസ് സംഘം കന്യാകുമാരി പൊലീസുമായി ചേർന്ന് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചൽ നടത്തിയിരുന്നു. ചെന്നൈയിലും പരിശോധന നടത്തി. കുട്ടി നാഗർകോവിൽ സ്‌റ്റേഷനിലിറങ്ങി വെള്ളം ശേഖരിച്ച് തിരിച്ച് ട്രെയിനിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ബുധൻ പുലർച്ചെ 3.53-ന് ട്രെയിൻ കന്യാകുമാരിയിലെത്തിയതായും കുട്ടിയെ കണ്ടതായും ഓട്ടോ ഡ്രൈവർമാർ മൊഴി നൽകി. അവിടെനിന്ന് ബുധനാഴ്‌ച പുറപ്പെട്ട അഞ്ച് ട്രെയിനുകളും കേരള, തമിഴ്‌നാട് പൊലീസ് സംഘങ്ങളും റെയിൽവേ സംരക്ഷണസേനയും പരിശോധിച്ചിരുന്നു.
കേരളത്തിലെ എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലും അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ ബസിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. ചൊവ്വ രാവിലെ 9.30ഓടെയാണ് കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിനി തസ്മിത് തംസുമിനെ കാണാതായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..