ആലപ്പുഴ > ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ ബെഡുകളുടെ എണ്ണം 93ല്‍ നിന്ന് 923 ആയി ഉയര്‍ത്താന്‍ സാധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഗവ. ടി ഡി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ബ്ലോക്ക്, കൂട്ടിരുപ്പുകാരുടെ വിശ്രമകേന്ദ്രം, കാന്റീന്‍ കം ഗസ്റ്റ് റൂം, 12 കോടിയിലധികം രൂപ ചെലവഴിച്ച സ്ഥാപിച്ച വിവിധ ചികിത്സാ ഉപകരണങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സര്‍ക്കാരിന്റെ തുടക്ക കാലത്ത് 1200 ആയിരുന്ന ഒ പി ഇന്ന് 3095 പേരിലേക്കെത്തി. 35ല്‍ അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിക്കഴിഞ്ഞു. 2022 മുതല്‍ സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനായി. രണ്ടു മെഡിക്കല്‍ കോളേജുകളില്‍ ഇത് വിജയകരമായി തുടരുന്നു. സംസ്ഥാനത്ത് ഒരു ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 14 പുതിയ മെഡിക്കല്‍ സീറ്റുകളാണ് അനുവദിച്ചത്. 95 ശതമാനത്തിലധികം വിജയം നേടിക്കൊണ്ടാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് അക്കാദമിക്ക് രംഗത്ത് മികവ് തുടരുന്നത്. മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തസ്തികകള്‍ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
ദേശീയതലത്തില്‍ ഏറ്റവും കുറവ് നവജാതശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. 2030ല്‍ നവജാത ശിശുമരണ മരണനിരക്ക് ആയിരത്തില്‍ ആറാക്കണം എന്നാണ് ലോകാരോഗ്യസംഘടനാ നിര്‍ദേശം. എന്നാല്‍ 2021ല്‍ തന്നെ കേരളം ഇത് കൈവരിച്ചു. ഇപ്പോളിത് നാലായി വീണ്ടും താഴ്ന്നിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനവും കേരളമാണ്.
മെഡിക്കല്‍ കോളജിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും കൂട്ടായ പ്രയത്നം അനിവാര്യമാണ്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക, അവരോട് കാരുണ്യത്തോടെ പെരുമാറുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..