08 September Sunday
ഉദ്ഘാടനചിത്രം 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്'

16ാമത് ഐഡിഎസ്എഫ്എഫ്കെയ്ക്ക്‌ ഇന്ന് തിരശ്ശീല ഉയരും; ഉദ്ഘാടനം മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

തിരുവനന്തപുരം> കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ  മന്ത്രി എം ബി രാജേഷ് മേള ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് എം ബി രാജേഷ് ബേഡി ബ്രദേഴ്‌സിന് (നരേഷ് ബേഡി, രാജേഷ് ബേഡി) സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ബേഡി ബ്രദേഴ്‌സ്‌

ബേഡി ബ്രദേഴ്‌സ്‌



ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖഭാഷണം നടത്തുന്ന പരിപാടിയിൽ ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനകർമ്മം മേയർ ആര്യാ രാജേന്ദ്രൻ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഉർമി ജുവേക്കർക്ക് നൽകിയും ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനകർമ്മം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ രാകേഷ് ശർമ്മയ്ക്കു നൽകിയും നിർവഹിക്കും.

 ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ ഖോബ്രഗഡെ ഐഎഎസ്, 16ാമത് ഐഡിഎസ്എഫ്എഫ്കെയിലെ വിവിധ പാക്കേജുകളുടെ ക്യുറേറ്റർമാരായ ശിൽപ്പ റാനഡെ, ആർ പി അമുദൻ,  ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുക്കും.

ചടങ്ങിനുശേഷം കൈരളി തിയേറ്ററിൽ റൗൾ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈ വർഷത്തെ കാൻ മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്. ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ കടുത്ത വർണവിവേചനം നിലനിന്നിരുന്ന കാലത്തെ കറുത്ത വർഗക്കാരുടെ ദുരിതജീവിതം പകർത്തുകയാണ് ഈ ചിത്രം.

ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 54 രാജ്യങ്ങളിൽനിന്നുള്ള 335 സിനിമകൾ പ്രദർശിപ്പിക്കും. 26 വെള്ളിയാഴ്ച രാവിലെ ഒമ്പത്‌ മുതൽ പ്രദർശനം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top