തൃപ്പൂണിത്തുറ
എസ്എൻ ജങ്‌ഷനിലെ സിഗ്നൽ സംവിധാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ (ട്രുറ) എരൂർ മേഖലാ കമ്മിറ്റി സായാഹ്ന പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു.
മെട്രോ നിർമാണത്തിനുമുമ്പ് നാലു ഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമായിരുന്നു. എന്നാൽ, മെട്രോ അധികാരികളുടെ വീഴ്ചമൂലം എസ്എൻ ജങ്‌ഷൻ അടക്കമുള്ള ജങ്‌ഷനുകളിൽ വാഹനങ്ങൾക്ക് സുഗമമായി തിരിഞ്ഞുപോകാവുന്ന ബെൽമൗത്ത് ഇല്ലാതായി. എസ്എൻ ജങ്‌ഷനിൽ ഫ്രീ ലെഫ്റ്റും നിഷേധിച്ചു.
ഇരുമ്പനം, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് വടക്കേകോട്ടവരെ പോയി "യുടേൺ' എടുത്താൽമാത്രമേ എരൂർ, പാലാരിവട്ടം, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാനാകൂ. ഈ സാഹചര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് ട്രുറ ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ വി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സേതുമാധവൻ മൂലേടത്ത് അധ്യക്ഷനായി.
പി ബി സതീശൻ, ജി ജയരാജ്, വി സി ജയേന്ദ്രൻ, പി എസ് ഇന്ദിര, മുരളി കൃഷ്ണദാസ്, ജിജി വെണ്ട്രപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..