22 December Sunday

അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം: മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

തിരുവനന്തപുരം > കേരളത്തിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പുതുതലമുറ സജ്ജമാകണമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി ഒ ആർ കേളു. വഴിനടക്കാനോ, വിദ്യാഭ്യാസം നേടാനോ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ  കഴിയാത്ത ഇരുണ്ട കാലഘട്ടത്തിൽ താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് മറ്റുള്ളവർക്കു ലഭിക്കുന്നതു പോലുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കണമെന്നതായിരുന്നു അയ്യങ്കാളിയുടെ ദർശനം. 

സമത്വത്തിനു വേണ്ടിയുള്ള പോർവിളികളിലൂടെ സ്വാതന്ത്ര്യം നേടി വർത്തമാനകാലത്തിൽ എത്തിയിട്ടും അസമത്വത്തിലേക്ക് കേരളം നീങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ മന്ത്രി പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിലെ പ്രതിമയിൽ  മന്ത്രി പുഷ്പാർച്ചന നടത്തി.

അയ്യങ്കാളി ഒരു നേതാവ് എന്നതിലുപരി അടിച്ചമർത്തപ്പെട്ടവരുടെ പ്രത്യാശയുടെ വെളിച്ചമായിരുന്നുവെന്ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയൂ എന്നതായിരുന്നു അയ്യങ്കാളിയുടെ  ദീർഘവീക്ഷണമെന്നും  ആ ദിശയിലേക്ക്‌ കേരളത്തിലെ സമൂഹത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ തലത്തിൽ നിന്നുള്ള കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ ജേതാക്കൾക്ക് മേയർ ആര്യാ രാജേന്ദ്രൻ  സമ്മാനങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ വികെ പ്രശാന്ത്, ആന്റണി രാജു, മുൻ സ്പീക്കർ എം വിജയകുമാർ, മുൻ എംഎൽഎ സത്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ, വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, അഡീഷണൽ ഡയറക്ടർ വി സജീവ് എന്നിവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top