കാസർകോട്> വിദ്യാനഗർ കോടതി കോംപ്ലക്‌സിലടക്കം സംസ്ഥാനത്ത് നിരവധി സ്ഥലത്ത് മോഷണം നടത്തിയ കേസിൽ കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ മോഷ്ടാവ് പിടിയിൽ. തൊട്ടിൽപ്പാലം കാവിലംപാറ വട്ടിപ്പറ നാലോന്ന്‌കാട്ടിൽ സനൽ എന്ന സനീഷ് ജോർജിനെയാണ് (44) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ നാലിന് രാത്രി കാസർകോട് വിദ്യാനഗർ കോടതി കോംപ്ലക്‌സിന്റെയും തൊട്ടടുത്ത സ്‌കൂളിലെയും പൂട്ട് പൊളിച്ചതും ചെർക്കള നാലാംമൈൽ മരമില്ലിൽ നിന്ന് 2.85 ലക്ഷം രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതി പരിസരത്ത് നിന്നും കിട്ടിയ സിസിടിവി തെളിവുകൾ ഉപയോഗിച്ച് അങ്കമാലിയിൽ നിന്നും കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
കോടതി മുറി, പോസ്‌റ്റ് ഓഫീസ്, സ്‌കൂൾ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാളുടെ മോഷണം അധികവും. ചെങ്കള മരമില്ലിൽ നിന്നും പണം കിട്ടിയതിനാൽ, പെരുമ്പാവൂരിലെ മരമില്ലിലും സമാനമായി പണമുണ്ടാകുമെന്ന് കരുതി പോകുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.
കാഞ്ഞങ്ങാട് ഹൊസ്‌ദുർഗ് കോടതി, നീലേശ്വരം ബിവറേജസ് ഔട്ട്‌ലെറ്റ്, ഒഞ്ചിയം സഹകരണ അർബൻ സൊസൈറ്റിയുടെ കണ്ണക്കര ഹെഡ് ഓഫീസ്, കണ്ണൂർ എരിപുരത്തുള്ള പഴയങ്ങാടി ഹെഡ് പോസ്‌റ്റ് ഓഫീസ്, കൊഴിക്കോട് ചേമഞ്ചേരി പോസ്‌റ്റ് ഓഫീസ്, പാലക്കാട് മരുത റോഡ് വില്ലേജ് ഓഫീസ്, കണ്ണൂർ ധർമടം കൊറോണേഷൻ ബേസിക്ക് യുപി സ്‌കൂൾ, ധർമടം പോസ്‌റ്റ് ഓഫീസ്, വയനാട് വെള്ളമുണ്ട ജിയുപി സ്‌കൂൾ, വെള്ളമുണ്ട പോസ്‌റ്റ് ഓഫീസ്, സുൽത്താൻ ബത്തേരി, നാദാപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതികൾ, കല്ലാച്ചി ടൗൺ പോസ്‌റ്റ് ഓഫീസ് എന്നിവിടങ്ങളിലും ഇയാൾ മുമ്പ് മോഷണം നടത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വിദ്യാനഗർ ഇൻസ്‌പെക്ടർ യു പി വിപിന്റെ നേതൃത്വത്തിലുള്ള 13 അംഗ പൊലീസുകാരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..