കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന തേക്കടി കനാൽ ഷട്ടർ തുറന്നിട്ട് വ്യാഴാഴ്ച 129 വർഷം. അണക്കെട്ട് 1895-ൽ പെന്നിക്വിക്കിന്റെ കഠിന പരിശ്രമത്താൽ പൂർത്തിയായി. അതേ വർഷം ഒക്ടോബർ 10ന് വൈകിട്ട് ആറിന് മദ്രാസ് പ്രവിശ്യാ ഗവർണർ വെൻലോക്ക് തേക്കടിയിലെത്തി പെരിയാർ അണക്കെട്ടിലെത്തി വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വരൾച്ചമൂലം തെക്കൻ തമിഴ്‌നാട്ടിൽ കൃഷി ചെയ്യാനാവാതെ മരുഭൂമിക്ക് സമാനമായി. മനുഷ്യരും മൃഗങ്ങളും വെള്ളം കിട്ടാതെ വലഞ്ഞു.
കൃഷിയെ മാത്രം ആശ്രയിച്ചിരുന്നവർ പട്ടിണിയും ദാരിദ്ര്യവും മൂലം ഭൂമി ഉപേക്ഷിച്ചു. ഈ മേഖലകളിൽ മോഷണവും അക്രമവും വ്യാപകമായി. 1798-ൽ രാമനാഥപുരം സേതുപതി രാജാവ് 2400 മീറ്റർ ഉയരത്തിലുള്ള ശിവഗിരി കുന്നിൽനിന്ന് ഉത്ഭവിക്കുന്ന പെരിയാർ നദിയിലെ വെള്ളം വൈഗയിലേക്ക് ഒഴുക്കുന്നതിന് ശ്രമം നടത്തിയിരുന്നു. പിന്നീട് പല പരിശ്രമങ്ങൾ നടന്നെങ്കിലും ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയോടെ കേണൽ ജോൺ പെന്നിക്വിക്ക് പദ്ധതി തയ്യാറാക്കി.
1886 ഒക്ടോബർ 29-ന് മുല്ലപ്പെരിയാർ അണക്കെട്ട് കരാർ ഒപ്പിട്ടു.ബ്രിട്ടീഷ് ആർമിയുടെ നിർമാണ വിഭാഗം 43 ലക്ഷം രൂപയുടെ പ്രോജക്ട് എസ്റ്റിമേറ്റിൽ അണക്കെട്ടിന്റെ നിർമാണം ഏറ്റെടുത്തു. പൂർത്തിയായപ്പോൾ 81.30 ലക്ഷം രൂപയായി. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതിന്റെ 129–ാം വാർഷികം തേനി, മധുര, ദിണ്ടിഗൽ, രാമനാഥപുരം, ശിവഗംഗ തുടങ്ങിയ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങളും കർഷകരും വിവിധ സംഘടനകളും ചേർന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..