28 October Monday

തേങ്കുറുശി ദുരഭിമാന കൊല: പ്രതികള്‍ക്ക് ജീവപര്യന്തവും അരലക്ഷം പിഴയും

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

പാലക്കാട്> തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഇലമന്ദം കൊല്ലത്തറയില്‍ അനീഷ് (25) കൊല്ലപ്പെട്ട കേസില്‍ പ്രതികളായ  ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് (49, അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍) അച്ഛന്‍ പ്രഭുകുമാര്‍ (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

അരലക്ഷം രൂപ  പിഴയും പാലക്കാട് സെഷന്‍സ് കോടതി വിധിച്ചു. ശനിയാഴ്ച കേസ് വിധി പറയാനായി പരിഗണിച്ചെങ്കിലും വാദി, പ്രതി ഭാഗങ്ങള്‍ ഉന്നയിച്ച വാദങ്ങള്‍ പരിശോധിക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനായക റാവുവാണ് വിധി പറഞ്ഞത്‌.

ശനിയാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ കരുതിക്കൂട്ടിയുള്ളതോ ക്രൂരമായതോ ആയ കൊലപാതകമല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും ഇനിയൊരു തവണ കൂടി പ്രതികള്‍ ഇത്തരമൊരു കുറ്റം ചെയ്യില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഓണ്‍ലൈനായിട്ടാണ് അഭിഭാഷകന്‍ വാദമുഖങ്ങള്‍ നിരത്തിയത്. എന്നാല്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍  ഉന്നയിച്ചു. ഒരു വികാരവുമില്ലാതെയാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു മറുപടി. അനീഷിന്റെ ഭാര്യ ഹരിത, അച്ഛന്‍ ആറുമുഖന്‍, അമ്മ രാധ, സഹോദരന്മാരായ അനില്‍, അരുണ്‍ എന്നിവരും കോടതിയില്‍ എത്തിയിരുന്നു.

2020 ഡിസംബര്‍ 25ന് വൈകിട്ട് ആറരയോടെയാണ് കൊലപാതകം.  സാമ്പത്തികവും ജാതീയവുമായി ഉയര്‍ന്ന കുടുംബത്തിലെ ഹരിതയെ അനീഷ് വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി അനില്‍ ഹാജരായി. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ച് 75 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണം

അച്ഛന്‍, അമ്മാവന്‍ അങ്ങനെ ഒരു സെന്റിമെന്റ്സും ഇല്ല. ആരാണ് കുറ്റം ചെയ്തത് അവര്‍ക്ക് ശിക്ഷ കിട്ടണം. പരമാവധി ശിക്ഷയാണ് പ്രതീക്ഷിക്കുന്നതെന്ന് ഹരിത പറഞ്ഞു. സംഭവത്തിനുശേഷം ഇപ്പോഴും ഭീഷണി തുടരുന്നു. കൊല്ലുമെന്നാണ് പറയുന്നത്. നേരിട്ടല്ലാതെ മറ്റ് ആള്‍ക്കാര്‍ വഴിയാണ് ഭീഷണി. അനീഷിന്റെ കുടുംബത്തില്‍ താന്‍ സുരക്ഷിതയാണെന്ന് ഹരിത പറഞ്ഞു.

കൊടുവായൂര്‍ മരിയന്‍ കോളേജില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ 22 കാരിയായ ഹരിത  ഇപ്പോള്‍ പിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അനീഷിന്റെ കുടുംബത്തിനൊപ്പമാണ് താമസം.
 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top