04 December Wednesday

സമ്പൂർണ പുനഃസംഘടനയ്‌ക്ക്‌ കോൺഗ്രസിൽ മുറവിളി

ദിനേശ്‌ വർമUpdated: Sunday Dec 1, 2024

തിരുവനന്തപുരം > താൽപര്യക്കാരെ മാത്രം മാറ്റി പ്രതിഷ്ഠിച്ച്‌ ഉപായത്തിലുള്ള പുനഃസംഘടന പോരെന്നും സമ്പൂർണ അഴിച്ചുപണി വേണമെന്നുമുള്ള ആവശ്യം കോൺഗ്രസിൽ ശക്തമായി. ഒഴിഞ്ഞുകിടക്കുന്ന ട്രഷറർ സ്ഥാനവും പ്രവർത്തിക്കാത്ത ജനറൽ സെക്രട്ടറിമാർ, വൈസ്‌ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെയടക്കം മാറ്റണമെന്നാണ്‌ ആവശ്യം.

പരിപൂർണ അഴിച്ചുപണിയാണ്‌ ആവശ്യമെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ പി വി മോഹനെയും വിശ്വനാഥ പെരുമാളിനേയും വിവിധ ഗ്രൂപ്പ്‌ മാനേജർമാർ അറിയിച്ചിട്ടുണ്ട്‌. മുമ്പ്‌ മോഹനും പെരുമാളും കൊടുത്ത പ്രവർത്തന റിപ്പോർട്ട്‌ പ്രകാരം ബഹുഭൂരിപക്ഷം ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും മാറേണ്ടിവരും. കെ സുധാകരന്‌ കെപിസിസി അധ്യക്ഷസ്ഥാനം ഉപതെരഞ്ഞെടുപ്പുവരെ എന്നായിരുന്നു ധാരണ.

സംഘടനാ ചുമതലയുള്ള എഐസിസി ഭാരവാഹികൾ അതത്‌ സംസ്ഥാനങ്ങളിലേക്ക്‌ മാറണമെന്ന ചർച്ചയും സജീവമാണ്‌. അങ്ങനെയെങ്കിൽ കെ സി വേണുഗോപാൽ കേരളത്തിലെ പ്രധാന ചുമതലയിലേക്ക്‌ വന്നേക്കും. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ്‌ കൂടി കണക്കാക്കി വേണുഗോപാൽ ചുമതലയേറ്റേക്കുമെന്നാണ്‌ അഭ്യൂഹം. അടിമുടി അഴിച്ചുപണി ആവശ്യമാണെന്ന്‌ വർക്കിങ്‌ കമ്മിറ്റി യോഗത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു.

വൃദ്ധ നേതൃത്വം പൂർണമായും മാറണമെന്നും പുതിയനിരയ്‌ക്ക്‌ അവസരം നൽകണമെന്നുമാണ്‌ യുവനേതാക്കളുടെ ആവശ്യം. കുരുണാകരന്റെയും ആന്റണിയുടെയും കാലത്തെ പോലെ ശക്തമായ തീരുമാനമെക്കാൻ വി ഡി സതീശനും കെ സുധാകരനും പറ്റുന്നില്ലെന്നും വിമർശനമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top