കൊച്ചി
ഫ്രാൻസിലുണ്ടൊരു ‘ഇടുക്കി ഗ്രാമം’. ചൂടുകഞ്ഞിയും കപ്പയും ദക്ഷിണേന്ത്യൻ നാടൻവിഭവങ്ങളും ഇവിടെ കിട്ടും. മലയാളികളുടെ ഇഷ്ടവിഭവങ്ങൾ വിളമ്പി ശ്രദ്ധനേടുകയാണ് ഇടുക്കി സ്വദേശിയുടെ ‘ഗ്രാമം' ഭക്ഷണശാല. ഇടുക്കി കുമളി പുളിക്കപ്പറമ്പിൽ പി ടി ടിന്റുവാണ് നാലുമാസംമുമ്പ് ഭക്ഷണശാല തുടങ്ങിയത്. പാരിസിലെ വിനോദസഞ്ചാര വാർത്താമാസിക ബോഷൂർ ബോഗിനിയിൽ ‘ഗ്രാമ’ത്തെക്കുറിച്ച് വാർത്തവന്നതോടെ സ്വദേശ–-വിദേശസഞ്ചാരികൾ ഭക്ഷണശാല തേടിയെത്തി.
ദക്ഷിണേന്ത്യൻ രുചികൾക്കൊപ്പം പാരമ്പര്യ ഫ്രഞ്ച് വിഭവങ്ങളും "ഗ്രാമ'ത്തിൽ ആസ്വദിക്കാം. വിവിധ കേരള–-ഹൈദരാബാദ് ബിരിയാണികൾ ഇവിടെ ലഭിക്കും. ഇഡ്ഡലി, ദോശ, മസാലദോശ, -ഊത്തപ്പം, ഉഡുപ്പി ഉപ്പുമാവ് എന്നിവയും രുചിക്കാം.
പുളിക്കപ്പറമ്പിൽ തങ്കച്ചന്റെയും എൽഐസി ഏജന്റായിരുന്ന ഉഷയുടെയും മൂത്തമകൻ ടിന്റു 2012ലാണ് ഫ്രാൻസിലെത്തിയത്. ഇടുക്കിയിലും തേക്കടിയിലുമെത്തുന്ന വിനോദസഞ്ചാരികൾക്ക് ഗൈഡായി പ്രവർത്തിച്ചാണ് തുടക്കം. പുതുച്ചേരിയിൽനിന്ന് ഫ്രഞ്ച്ഭാഷ സ്വായത്തമാക്കി. 2009ൽ കുവൈത്തിലെത്തി മാർക്കറ്റിങ് ജോലിനോക്കി. അവിടെ കുവൈത്ത് എയർവേയ്സിൽ ജോലിചെയ്യുമ്പോഴാണ് 2014ൽ പാരീസിലേക്ക് ചുവടുമാറ്റിയത്. ഫ്രഞ്ച് പ്രാവീണ്യം ഏറെ സഹായിച്ചു. തുടർന്ന് ടിന്റു ഹോംസ്റ്റേ ബിസിനസിൽ ചുവടുറപ്പിച്ചു.
താമസത്തോടൊപ്പം പ്രഭാതഭക്ഷണവും എന്ന ആശയത്തിലാണ് തുടക്കം. ജൂണിലാണ് 10 മുറിയുള്ള ഹോട്ടൽസമുച്ചയവും റസ്റ്റോറന്റും ഏറ്റെടുത്ത് ‘ഗ്രാമം’ തുടങ്ങിയത്. ‘ഗ്രാമം' ഭക്ഷണശാലയുടെ പുതിയ ഔട്ട്‌ലെറ്റ് ശ്രീലങ്കയിലെ കൊളംബോയിലും തുടങ്ങി. യൂറോപ്പിലെ മറ്റിടങ്ങളിലും ‘ഗ്രാമം' തുടങ്ങാനുള്ള പ്രാരംഭനടപടി ആരംഭിച്ചതായി ടിന്റു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..