23 December Monday

പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയാവശ്യപ്പെട്ട് സോണിയ തിലകൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായതായി വെളിപ്പെടുത്തലുമായി തിലകന്റെ മകൾ സോണിയ തിലകൻ. സിനിമാ രംഗത്ത് പതിനഞ്ചംഗ സംഘം നിലനിൽക്കുന്നത് ശരിയാണ്. ഇവർ പ്രത്യേക അജണ്ടവച്ച് മാഫിയയെപ്പോലെ തിലകനോട് പെരുമാറുകയായിരുന്നു എന്നും സോണിയ തിലകൻ പറഞ്ഞു.

" തിലകന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തോടു ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്ന് പറഞ്ഞ് ഒരു പ്രധാന നടന്‍ തന്നെ വിളിച്ചു. അച്ഛനോട് ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. മോളേ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്. ഇതിന് പിന്നാലെ എനിക്ക് വന്ന സന്ദേശങ്ങളില്‍നിന്ന് ഉദ്ദേശ്യം വേറെയാണെന്നു മനസ്സിലായി" - അവർ ആരോപിച്ചു.
സിനിമയുമായി ബന്ധമില്ലാത്ത എനിക്ക് വരെ ഈ അനുഭവമുണ്ടായി. ഞാന്‍ അവരുടെ സുഹൃത്തിന്റെ മകളാണ്. എന്നിട്ടും പോലും ഇങ്ങനെ പെരുമാറി. ഈ സാഹചര്യത്തിൽ താരസംഘടന പിരിച്ചുവിടണമെന്നും തെറ്റുക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മലയാള സിനിമ സംഘടനയിലെ കാര്യങ്ങൾ പുറത്ത് പറഞ്ഞതിന് അച്ഛനെതിരെ നടപടിയെടുത്തു. എന്നാൽ അച്ഛനെ പുറത്താക്കാൻ കാണിച്ച തിടുക്കം തുടർന്ന് സംഘടനയിൽ നടന്ന ഒരു വിഷയത്തിലും  ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിട്ടും അതിൽ വ്യക്തമായ മറുപടി നൽകാൻ അമ്മ ജനറൽ സെക്രട്ടറി തയാറായില്ല. സംഘടനയ്ക്ക് ഇരട്ടത്താപ്പ് നയമാണെന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തിലകനുമായി ബന്ധപ്പെട്ട പരാമർശം

തങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാന്‍ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകള്‍ പലര്‍ക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍നിന്ന് പുറത്താക്കി.

സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ ഇന്നലെയാണ് പരസ്യപ്പെടുത്തിയത്. ജസ്റ്റിസ്‌ കെ ഹേമ അധ്യക്ഷയും കെ ബി വത്സലകുമാരി, നടി ശാരദ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ 2017 ജൂലൈ ഏഴിനാണ്‌ സർക്കാർ നിയോഗിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top