തിരുവനന്തപുരം> നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികൾ വിശന്ന് സ്കൂളിൽ ഇരിക്കരുതെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്കൂൾ അധികൃതർ സ്വീകരിക്കണം.
സ്കൂളുകളിൽ സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാൻ സാഹചര്യം ഉണ്ടായിരിക്കും. കുട്ടികളുടെ ഊഷ്മാവ് അളക്കാൻ തെർമ്മൽ സ്കാനറുണ്ടാകും. ഓരോ സ്കൂളിലും ഓരോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന നിലയ്ക്ക് ആയിരിക്കും ക്രമീകരണം. അവധിദിനം അല്ലാത്ത ശനിയാഴ്ച അടക്കമുള്ള ദിവസങ്ങൾ പ്രവർത്തി ദിനമായിരിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികൾ സ്കൂളിലേക്ക് എത്തുക. അത്തരത്തിലാണ് ക്രമീകരണം. ബയോ ബബിൾ സംവിധാനത്തിൽ ആക്കി സംരക്ഷിക്കുന്നതിനാണ് പദ്ധതി. സ്കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾ എത്തുന്ന എല്ലാ ഇടങ്ങളും ശുദ്ധീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..