18 November Monday
കുറുവ സംഘാംഗത്തിന്റെ അറസ്റ്റ്‌

കൊച്ചിയിൽ ഒളിച്ചുകഴിഞ്ഞത് 
മീൻപിടിത്തക്കാരെന്ന വ്യാജേന

സ്വന്തം ലേഖകൻUpdated: Monday Nov 18, 2024

കൊച്ചി
സിനിമ സ്റ്റൈൽ അറസ്റ്റ്‌, രക്ഷപ്പെടൽ, തിരച്ചിൽ, വീണ്ടും അറസ്റ്റ്‌. നാലുമണിക്കൂർ നീണ്ട നാടകീയരംഗങ്ങളിലൂടെയാണ്‌ കുറുവ മോഷണസംഘത്തിലെ സന്തോഷിനെയും മണികണ്ഠനെയും ശനി രാത്രി പൊലീസ്‌ പിടികൂടിയത്‌. കുണ്ടന്നൂർ–-തേവര പാലത്തിനടിയിൽ പ്രത്യേക കൂടാരം ഒരുക്കിയാണ്‌ സംഘം കഴിഞ്ഞിരുന്നത്‌. രണ്ടു പുരുഷന്മാർ അടക്കം ഏഴ്‌ മുതിർന്നവരും കുഞ്ഞുങ്ങളും സംഘത്തിലുണ്ടായിരുന്നു. മൂന്നു മാസംമുമ്പാണ് ഇവർ ഇവിടെയെത്തിയത്‌.


പാലത്തിനടിയിൽ കാടുമൂടിയ പ്രദേശത്തോടുചേർന്ന്‌ ചതുപ്പില്‍ തറനിരപ്പിൽ പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ കൂടാരം നിർമിച്ചായിരുന്നു താമസം. കൂടാരത്തിനകത്ത് നിലത്ത്‌ പ്രത്യേകം കുഴിയെടുത്ത്‌ ഒളിയിടമൊരുക്കി. ഇതരസംസ്ഥാനക്കാരായ കുട്ടവഞ്ചി മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി ഉപജീവനത്തിന് താമസിക്കുന്ന പ്രദേശയമായതിനാൽ നാട്ടുകാർക്കടക്കം സംശയം തോന്നിയില്ല. പ്രതികളും കുടുംബവും ആക്രി പെറുക്കി ജീവിക്കുന്നവരാണെന്നാണ്‌ മത്സ്യത്തൊഴിലാളികളെ ധരിപ്പിച്ചത്‌. ഇവർ വലിയ ശല്യമായിരുന്നെന്നും തമ്മിൽ വഴക്കിടാറുണ്ടെന്നും തങ്ങളോടും മോശമായാണ് പെരുമാറിയിട്ടുള്ളതെന്നും ഇവിടെയുള്ള താമസക്കാരി പറഞ്ഞു.


ശനി വൈകിട്ട്‌ 6.30 ഓടെയാണ്‌ പൊലീസ്‌ സംഘം എത്തിയത്. സന്തോഷിനെയും മണികണ്ഠനെയും പിടികൂടിയ ഉടൻ കൈവിലങ്ങണിയിച്ചു. ആയുധങ്ങളുമായി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച സന്തോഷിനെ കീഴ്‌പ്പെടുത്തിയാണ്‌ ജീപ്പിലേക്ക്‌ കയറ്റിയത്‌. ഇയാളുടെ ഭാര്യയും അമ്മയും മക്കളും പൊലീസിനെ ആക്രമിച്ച്‌ ജീപ്പിന്റെ ഡോർ തുറന്നതോടെ സന്തോഷ് കുതറിയോടി. ധരിച്ചിരുന്ന വസ്ത്രങ്ങൾ സന്തോഷ് ഊരിയെറി‍‍ഞ്ഞു. ഇരുട്ടില്‍ ഇയാള്‍ എവിടേക്കുപോയെന്ന്‌ പൊലീസിന്‌ കാണാനായില്ല.

സമീപത്തെ പുഴയിലേക്ക്‌ ചാടിയെന്നും കാട്ടിൽ ഒളിച്ചെന്നും സംശയത്തെ തുടർന്ന് കരയിലും വെള്ളത്തിലും പൊലീസ് തിരച്ചിൽ നടത്തി. ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ള പൊലീസുകാരാണ് തിരച്ചിൽ നടത്തിയത്. പുഴയിൽ ബോട്ടിറക്കിയുള്ള പരിശോധനയ്‌ക്ക് അഗ്നി രക്ഷാസേനയും സ്കൂബ സംഘവുമെത്തി. സമീപത്തെ കുറ്റിക്കാടുകളിലും തിരച്ചിൽ നടത്തി. ഒടുവിൽ രാത്രി പത്തോടെ, ചാടിയയിടത്തുനിന്ന് ഏറെ അകലെയല്ലാതെ കാടുനിറഞ്ഞ ചതുപ്പിൽനിന്ന്‌ പ്രതിയെ പിടികൂടി.


ഇവരുടെ കൂടാരത്തില്‍നിന്ന്‌ ആയുധങ്ങളും മോഷണമുതലും കണ്ടെത്തി. ഇവ ആലപ്പുഴ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇവിടെ താമസിക്കുന്ന അഞ്ചുപേരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്ത്‌ വിവരങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ചു. പ്രദേശത്ത്‌ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാനുള്ള നടപടി മരട്‌ പൊലീസ്‌ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top