27 December Friday

ജീവനക്കാരുടെ ആവശ്യങ്ങൾ അം​ഗീകരിച്ചു ; എയർ ഇന്ത്യ സാറ്റ്സിലെ 
കരാർ ജീവനക്കാരുടെ സമരം വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024


തിരുവനന്തപുരം
ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് കമ്പനിയിലെ കരാർ തൊഴിലാളികൾ നടത്തിയ സമരം വിജയം.

സംയുക്ത  തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ അഞ്ഞൂറോളം തൊഴിലാളികൾ ശനി രാത്രി 10 മുതലാണ്‌ പണിമുടക്ക്  ആരംഭിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ പ​രിഗണിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിക്കാൻ  തീരുമാനിച്ചത്. ഞായർ പകൽ കേന്ദ്ര ലേബർ കമീഷണറുടെ നിർദേശ പ്രകാരം മാനേജ്മെന്റ് സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തി. റീജണൽ ലേബർ കമീഷണറുടെ നേതൃത്വത്തിലായിരുന്നു ചർച്ച.  ജീവനക്കാരുടെ  സമരത്തോടെ  കാർഗോ നീക്കങ്ങൾ ഉൾപ്പെടെ സ്തംഭിച്ചിരുന്നു. ഇന്ത്യ സാറ്റ്സ് തുച്ഛമായ ശമ്പളമാണ് നൽകുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

ശമ്പള പരിഷ്കരണത്തിനോ ബോണസ് വിതരണത്തിനോ മാനേജ്മെന്റ് തയ്യാറായിരുന്നില്ല. സംയുക്ത യൂണിയനുകളുടെ  നേതൃത്വത്തിൽ  മാസങ്ങളായി ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ പല തവണ ചർച്ച നടന്നെങ്കിലും ഫലം കാണാത്തതോടെയാണ് പണിമുടക്കാൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു. സംയുക്ത യൂണിയൻ നേതാക്കളായ കല്ലറ മധു (സിഐടിയു), എ പി അജിത് കുമാർ, ചാല സുധാകരൻ, വിനോദ് യേശുദാസ്, എ സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top