22 December Sunday

ഇ- ​ഗവേണന്‍സ് മികവ്: തിരുവനന്തപുരം കോര്‍പറേഷന്‌ 
2 കേന്ദ്ര പുരസ്‌കാരം

സ്വന്തം ലേഖികUpdated: Thursday Oct 10, 2024
തിരുവനന്തപുരം > കേന്ദ്ര ഭവന ന​ഗരകാര്യ മന്ത്രാലയത്തിന്റെ ഹഡ്കോ പുരസ്കാരങ്ങൾ തിരുവനന്തപുരം കോർപറേഷനു വേണ്ടി മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. സദ്ഭരണം വിഭാ​​ഗത്തിൽ ഇ- ഗവേണൻസ് സംവിധാനത്തിന്റെ ഉപയോ​ഗപ്പെടുത്തലാണ് കോർപറേഷന്റെ അവാർഡു നേട്ടത്തിനു പിന്നിൽ. ‍
 
ഡൽഹിയിൽ നടന്ന ചടങ്ങിൽ കോർപറേഷൻ സെക്രട്ടറി എസ് ജഹാം​ഗീറും പങ്കെടുത്തു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് സമ്മാനം. പുരസ്കാരങ്ങൾ ഏറെ അഭിമാനകരമാണെന്നും ഉത്തരവാദിത്വം വർധിപ്പിക്കുന്നതുമാണെന്നും അതിനാൽ പൊതുജനങ്ങളുടെ ക്ഷേമത്തിന് വൈവിധ്യമാർന്ന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും മേയർ പറഞ്ഞു.
നഗരത്തിലെ ജനങ്ങൾക്ക് ടാങ്കർ വഴി കുടിവെള്ള വിതരണത്തിനായി മികച്ച സംവിധാനം നടപ്പാക്കിയതിന് രാജ്യത്ത് ഒന്നാം സ്ഥാനമാണ് കോർപറേഷന്. നഗരത്തിലെ വീടുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും സെപ്റ്റേജ് മാലിന്യം കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ രാജ്യത്ത് മൂന്നാം സ്ഥാനവും കോർപറേഷൻ നേടി. കുടിവെള്ളത്തിനും കക്കൂസ് മാലിന്യശേഖരണത്തിനും ബുക്കിങ്‌ മുതൽ ഫീസ് വരെയുള്ള സേവനം ഓൺലൈനായത് അവാർഡ് നേട്ടത്തിലേക്ക് നയിച്ചു. കോർപറേഷന്റെ 87 കുടിവെള്ള ടാങ്കറിലും സ്വകാര്യവാഹനങ്ങളിലും ജിപിഎസ് ഏർപ്പെടുത്തി കുടിവെള്ളത്തിന്റെ സുരക്ഷയും അമിത ചാർജ് ഈടാക്കുന്നില്ലായെന്നും ഉറപ്പാക്കാനുമുള്ള നിരീക്ഷണം ശക്തമാണ്. ആകെ 2,4,50,236 കിലോ ലിറ്റർ കുടിവെള്ളമാണ് ഇതുവരെ വിതരണം ചെയ്തത്. രാജ്യത്തെ മാതൃകാപരമായ കക്കൂസ് മാലിന്യശേഖരണ സംസ്കരണമാണ് കോർപറേഷനെ അവാർഡിനായി പരി​ഗണിച്ചത്. 
 
ശേഖരിക്കുന്ന കക്കൂസ് മാലിന്യം കോർപറേഷന്റെ ട്രീറ്റ്മെന്റ് പ്ലാന്റിൽ സംസ്കരിക്കും. വാഹനങ്ങളുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാനായി പ്രത്യേക​ കോൾ സെന്റർ സംവിധാനവുമുണ്ട്. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ 36 ടാങ്കറാണ് കോർപറേഷനിൽ ഉപയോ​ഗിക്കുന്നത്. ഇതുവരെ 46.57 കോടി ലിറ്റർ സെപ്റ്റേജ് മാലിന്യം സംസ്‌കരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top