21 November Thursday

നേട്ടങ്ങളിലും ഉയരെ തിരുവനന്തപുരം കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

സുസ്ഥിര വികസനത്തിനുള്ള 
യുഎൻ ഹാബിറ്റാറ്റ്‌ ഷാങ്ഹായി 
ഗ്ലോബൽ പുരസ്‌കാരവുമായി 
മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം > സദ്‌ഭരണവും ജനകീയ പ്രവർത്തനങ്ങളും കാഴ്‌ചവച്ച്‌ തിരുവനന്തപുരം കോർപറേഷൻ ഇന്ത്യക്കാകെ മാതൃകയാകുകയാണ്‌. നൂതന സാങ്കേതിക വിദ്യയുൾപ്പെടെ കൂട്ടിയിണക്കി കോർപറേഷൻ ഭരണസമിതി തലസ്ഥാനത്ത് നടപ്പാക്കുന്ന വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക്‌ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള നിരവധി അംഗീകാരങ്ങളും നേടിയെടുക്കാനായി. സ്വന്തമായി മാലിന്യസംസ്‌കരണകേന്ദ്രം ഇല്ലാതിരുന്നിട്ടും ഉറവിടമാലിന്യ സംസ്‌കരണത്തിൽ തലസ്ഥാന നഗരത്തെ മുന്നിലെത്തിച്ചതില്‍ കോർപറേഷന്റെ ഇടപെടൽ അഭിനന്ദനാർഹമാണ്‌. ഇന്ത്യയിലെ പ്രായം കുറഞ്ഞ മേയർ എന്ന ബഹുമതി നേടിയ ആര്യ രാജേന്ദ്രൻ നേതൃത്വം നൽകുന്ന ഭരണസമിതി ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്.

നഗരങ്ങളിലെ സുസ്ഥിര വികസനത്തിന്‌ ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരമായ യുഎൻ ഹാബിറ്റാറ്റ്‌ ഷാങ്‌ഹായി ഗ്ലോബൽ അവാർഡാണ്‌ കോർപറേഷന്‌ ലഭിച്ച പുരസ്‌കാരങ്ങളിൽ ഒടുവിലത്തേത്. ആരോഗ്യമേഖലയിലും പൊതുമാലിന്യ നിർമാർജനത്തിലും സ്‌കൂളുകളിലെ മാലിന്യ നിർമാർജന പ്രവർത്തനത്തിലും കോർപറേഷൻ മാതൃകയാണ്. ഓൺലൈൻ സെപ്‌റ്റേജ്‌ മാലിന്യ സംവിധാനത്തിന്റെ മികച്ച പ്രവർത്തനങ്ങളിലും ദേശീയ പുരസ്‌കാരം നേടി.

അർബർ ഗവേണൻസ്‌, സാനിട്ടേഷൻ എന്നിവയിൽ നടത്തുന്ന പ്രവർത്തനങ്ങളും വേറിട്ടതാണ്. തെരുവ്‌ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനും കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിനുതന്നെ മാതൃകാപരം. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനവും കോർപറേഷൻ നേടിയിട്ടുണ്ട്‌. സ്‌മാർട്ട്‌സിറ്റി പദ്ധതി ഒന്നാംഘട്ട പ്രവർത്തനങ്ങൾ മികവുറ്റതാക്കിയതിനും ദേശീയ പുരസ്‌കാരം നേടാനായി.


പ്രധാന പുരസ്‌കാരങ്ങൾ 

2021–-22 , 2022–-23 വർഷങ്ങളിലെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ്‌ ട്രോഫി
2021–-22, 2022–-23  വർഷങ്ങളില്‍ ആർദ്രകേരളം പുരസ്‌കാരം
ഓൺലൈൻ സെപ്‌റ്റേജ്‌ മാലിന്യ സംവിധാനത്തിന്‌ ‘സ്‌കോച്ച്‌’ അവാർഡ്‌
അർബർ ഗവേണൻസ്‌, സാനിട്ടേഷൻ എന്നിവയ്ക്ക്‌ കേന്ദ്രസർക്കാരിന്റെ ‘ഹഡ്‌കോ’ അവാർഡ്‌
തെരുവ്‌ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനും കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിനും ‘പിഎം സ്വാനിധി–-പ്രൈസ്‌ ’
മികച്ച ഹരിതകർമസേനയ്ക്കുള്ള 2023ലെ സംസ്ഥാന പുരസ്‌കാരം
നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനം
കംപ്യൂട്ടർ സൊസൈറ്റി ഓഫ്‌ ഇന്ത്യ അവാർഡ്‌
സംസ്ഥാന സർക്കാരിന്റെ കായകൽപ്പ്‌ അവാർഡ്‌
സംസ്ഥാന വയോസേന പുരസ്‌കാരം
മികച്ച ഭിന്നശേഷി സൗഹൃദ നഗരസഭയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം
പ്രഥമ ജാഗ്രതാ സമിതി പുരസ്‌കാരം
ക്ഷീരവികസനന്നിന്‌ പടവ്‌ പുരസ്‌കാരം 
 

സ്ത്രീസുരക്ഷയ്ക്കായി വനിതാസെല്‍
 
സ്ത്രീകൾക്ക് രാത്രിയിൽപോലും ഭയമില്ലാ 
  തെ ഒറ്റയ്ക്ക് യാത്രചെയ്യാൻ 24 മണിക്കൂറും 
  സജ്ജമായുള്ള സെൽ രൂപീകരിക്കാൻ കോർപറേഷൻ. പൊതുയിടത്തിലോ ​വീട്ടിലോ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തിന് ഞൊടിയിടയിൽ പരിഹാരം കാണുകയെന്നതാണ്‌ ലക്ഷ്യം. കൗൺസലിങ്, നിയമസഹായം, വൈദ്യസഹായം, മാനസിക പിന്തുണ തുടങ്ങിയ സ്ത്രീകൾ ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. രാത്രിയിൽ ഒറ്റയ്ക്ക് യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രയും പരി​ഗണനയിലാണ്. സ്മാർട്ട് ട്രിവാൻഡ്രം ആപ്ലിക്കേഷനിലും സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക അപ്ഡേഷൻ‌ നൽകും.

അതുപോലെ സ്ത്രീകൾക്ക് താമസിക്കാൻ കഴിയുന്ന ലോഡ്ജുകൾ കഴക്കൂട്ടം, ശ്രീകണ്ഠേശ്വരം, തമ്പാനൂർ എന്നിവിടങ്ങളിൽ ഒരുക്കി. കോർപറേഷൻ സ്ഥാപനങ്ങളെയും സർക്കാർ വകുപ്പുകളുടെ സ്ഥാപനങ്ങളെയും ചേർത്ത്‌ ഓൺലൈനിൽ ബുക്ക് ചെയ്യാൻ കഴിയുന്നതിനുള്ള സംവിധാനവും ഇതിലൊരുക്കും. സ്ത്രീകൾക്ക് മാത്രമായി കോ വർക്കിങ് ഇടമായ ഷീ ഹബ്ബും തമ്പാനൂരിൽ നിർമിച്ചിട്ടുണ്ട്. ഐടി പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്ക് വർക്ക് നിയർ ഹോം മാതൃകയിലാണ് ഷീ ഹബ്. സംരംഭകർക്ക്  അടിസ്ഥാനസൗകര്യങ്ങളെല്ലാം തമ്പാനൂർ ഓവർബ്രിഡ്ജിനു സമീപത്തെ കെട്ടിടത്തിലുണ്ട്. 26 പേർക്ക് ഒന്നിച്ചിരുന്ന് ജോലിചെയ്യാവുന്ന തരത്തിലുള്ള സൗകര്യവുമുണ്ട്.

രാജാജി ന​ഗറില്‍ ഉയരും പുതിയ ഫ്ലാറ്റ്‌

രാജാജി നഗറിൽ വീടില്ലാത്തവർക്ക് ഫ്ലാറ്റ് നിർമിച്ച് നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടം പ്രവൃത്തി ഉടൻ. ഒമ്പത് കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതി ഒമ്പത് മാസത്തിനകം തീർക്കും. 36 സെന്റ് (1444.57 ചതുരശ്ര മീറ്റർ) സ്ഥലത്ത് അഞ്ച് നിലയുള്ള ഫ്ലാറ്റാണ്‌ നിർമിക്കുക. നാല് നിലകളിൽ -എട്ട് ഫ്ലാറ്റുകൾ വീതം 32 ഫ്ലാറ്റാണ് ഒരു കെട്ടിടത്തിൽ ഉണ്ടാകുക. താഴത്തെ നില -പാർക്കിങ്ങിനും മറ്റാവശ്യങ്ങൾക്കുമായി ഉപയോ​ഗിക്കും. സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. ഇതിനായി 36 സെന്റ് സ്ഥലത്തുള്ളവരെ മാറ്റി പാർപ്പിച്ചു. ഫ്ലാറ്റുകൾ നിർമിക്കുന്നതിനൊപ്പം മഴവെള്ളം പോകുന്നതിനുള്ള ശൃംഖല, പ്രവേശന റോഡുകൾ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും പദ്ധതിയിലുണ്ട്.

2017ലാണ് രാജാജി നഗർ പുതിയ ഫ്ലാറ്റുകൾ നിർമിക്കുന്നതിന് 61.42 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. പലകാരണങ്ങളാൽ മുടങ്ങിയ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്കൊടുവിൽ‌ പുതിയ കരാറുകാരനെ കണ്ടെത്തിയാണ് പുനരാരംഭിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ്‌ പദ്ധതി നടപ്പാക്കുന്നത്. 12.6 ഏക്കർ വിസ്തൃതിയുള്ള രാജാജി ന​ഗറിൽ 1100ലധികം വരുന്ന കെട്ടിടങ്ങളിലായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. രാജാജി ന​ഗറിന്റെ വികസനം ലക്ഷ്യമിട്ട് പ്രാഥമിക ആരോ​ഗ്യകേന്ദ്രം, അങ്കണവാടി തുടങ്ങിയ ഇതിനോടകം സാക്ഷാൽക്കരിച്ചിട്ടുണ്ട്.

85 ശതമാനം വീടുകളിലും കുടിവെള്ളം

നഗരത്തിലെ 85 ശതമാനം വീടുകളിലും കുടിവെള്ളം എത്തിച്ചതിന്‌ കേന്ദ്ര സർക്കാരിന്റെ 10 കോടി രൂപയുടെ ഇൻസെന്റീവ് ലഭിച്ച സംസ്ഥാനത്തെ ഏക കോർപറേഷൻ തിരുവനന്തപുരമാണ്‌. സംസ്ഥാനത്തെ ആറ് മുനിസിപ്പാലിറ്റിയും മൂന്ന് നഗരസഭയുമാണ് അമൃത് പദ്ധതിയിൽ ഇടം നേടിയത്. അമൃത് 2ൽ 294 കോടി രൂപയാണ്‌ കോർപറേഷൻ പരിധിയിലെ കുടിവെള്ള പദ്ധതികൾക്കായി വകയിരുത്തിയത്.
കേന്ദ്രം അനുവദിച്ച ഇൻസെന്റീവ്‌ ഉപയോഗിച്ച്‌ നഗരത്തിൽ വെള്ളക്കെട്ട്‌ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ശാശ്വത പരിഹാരം കാണുകയാണ്‌ ലക്ഷ്യം. 

മാലിന്യ സംസ്‌കരണവും ഹൈടെക്‌

പ്ലാസ്‌റ്റിക്‌ മാലിന്യവും അജൈവ മാലിന്യവും തരംതിരിച്ച്‌ സംസ്‌കരിക്കുന്നതിന്‌ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർആർഎഫ്) യും തിരുവനന്തപുരത്തുണ്ട്‌. പ്ലാസ്റ്റിക് മാലിന്യം കംപ്രസ് ചെയ്ത് ബ്ലോക്കുകളാക്കി മാറ്റുന്ന ബെയിലിങ് മെഷീനാണ്‌ സെന്ററിലെ പ്രത്യേകത. പ്രതിദിനം ചുരുങ്ങിയത് 10 ടൺ പ്ലാസ്റ്റിക് മാലിന്യം ബെയിൽ ചെയ്ത് വ്യാപ്തി കുറച്ച് ശാസ്ത്രീയമായ സംസ്കരണത്തിന് കൈമാറുന്നുണ്ട്‌. ബെയിൽ ചെയ്ത പ്ലാസ്റ്റിക് നീക്കാൻ സാധാരണ വേണ്ടിവരുന്നതിന്റെ മൂന്നിലൊന്ന് വാഹനങ്ങൾ മതിയാകും. അജൈവ മാലിന്യം വേർതിരിക്കാനുള്ള കൺവെയർ ബെൽറ്റും ആർആർഎഫിനൊപ്പം ചേർത്തിട്ടുണ്ട്. മാലിന്യത്തിലെയും പ്ലാസ്റ്റിക്കിലെയും പൊടിയും ചെളിയും നീക്കാനുള്ള ഡീഡസ്റ്റർ മെഷീനും ഇവിടെയുണ്ട്‌.

പുതിയ ആർ‌ആർഎഫ് വന്നതോടെ വീടുകളിൽനിന്നും  സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേനയും ശുചീകരണ തൊഴിലാളികളും മെറ്റീരിയൽ കളക്ഷൻ സെന്ററിൽ എത്തിച്ച് തരംതിരിക്കുന്ന രീതിയിൽ മാറ്റമുണ്ടായി. ചെന്തിട്ട, മണക്കാട് എന്നിവിടങ്ങളിലും ഉടനെ ആർആർഎഫുകൾ സ്ഥാപിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top