19 December Thursday

തലസ്ഥാനം ഇനി "വാട്ടര്‍ പ്ലസ് ' ക്ലീന്‍

സ്വന്തം ലേഖികUpdated: Saturday Nov 16, 2024
തിരുവനന്തപുരം > സെപ്റ്റേജ്, സ്വീവറേജ് മാലിന്യത്തിന്റെ ശാസ്‌ത്രീയ സംസ്‌കരണത്തിലൂടെ വാട്ടർ പ്ലസ് നിലവാരത്തിലേക്ക് ഉയർന്ന് കോർപറേഷൻ. ഈ വിഭാ​ഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ ആദ്യ കോർപറേഷനാണ്‌ തിരുവനന്തപുരം. ജലാശയങ്ങളുടെ സംര​ക്ഷണവും മലിനജലം ഒഴുക്കിവിടുന്നത് തടയുകയുമെന്ന ലക്ഷ്യത്തിന്റെ ഭാ​ഗമായ പ്രവർത്തനങ്ങളാണ് പരി​ഗണിക്കപ്പെടുന്നത്. 
 
സ്വീവറേജ് ജലത്തിന്റെ പുനരുപയോഗം, സെപ്റ്റേജ് മാലിന്യശേഖരണത്തിലെ യന്ത്രവൽക്കരണം എന്നിവയാണ് വാട്ടർ പ്ലസിന്റെ മാനദണ്ഡം. വാട്ടർ പ്ലസ് പ്രഖ്യാപനത്തിന് പിന്നാലെയുള്ള പ്രവർത്തനങ്ങൾ കേന്ദ്രസംഘമെത്തി വിവിധ ഘട്ടങ്ങളായി പരിശോധിച്ച്‌ റേറ്റിങ് നൽകും. തുടർന്ന് ഘട്ടങ്ങളായാണ് സ്വച്ഛ് ഭാരതിന്റെ ഫണ്ട് ലഭ്യമാക്കുന്നത്. വെളിയിട മുക്ത നഗരം (ഒഡിഎഫ്), ഒഡിഎഫ് പ്ലസ് എന്നീ പദ്ധതി സ്വന്തമാക്കുകയും ഒഡിഎഫ് പ്ലസ് പ്ലസ് ഒഴിവാക്കുകയും ചെയ്‌താണ്‌ അടുത്തഘട്ടമായ വാട്ടർപ്ലസ് ലക്ഷ്യത്തിലെത്തിയത്. ഒഡിഎഫ് പ്ലസ് പ്ലസ് കാറ്റ​ഗറിയിലേക്ക് പരി​ഗണിക്കേണ്ടത് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ (എസ്ടിപി) പൂർത്തിയാക്കലാണ്. മുട്ടത്തറയിൽ സെപ്റ്റേജ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിലവിലുള്ളത് കൊണ്ടാണ് ഒഡിഎഫ് പ്ലസ് പ്ലസ് എന്ന ഘട്ടത്തിലേക്ക് അപേ​ക്ഷ നൽകാതെയിരുന്നത്. ഇവിടെ സംസ്കരിക്കുന്ന വെള്ളം കെട്ടിട നിർമാണത്തിനും കൃഷിക്കും ഉപയോഗിക്കുന്നുണ്ട്. വാട്ടർ പ്ലസിന്റെ ഭാ​ഗമായി മുട്ടത്തറയിൽ മൂന്നാംഘട്ട ശുദ്ധീകരണശാല കൂടി സ്ഥാപിക്കാനാണ് തീരുമാനം. 
ആവശ്യകത കൂടുതലുള്ള വിമാനത്താവളം, ടൈറ്റാനിയം എന്നിവിടങ്ങളിലേക്ക് വെള്ളം നൽകാനാണ് പദ്ധതി. 15 കോടിയാണ് ഏകദേശ തുക. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് കോർപറേഷന്റെ തീരുമാനം. 
 
കോർപറേഷൻ പരിധിയിൽ വെളിയിട വിസർജനം പൂർണമായും നിരോധിച്ചുവെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ജനങ്ങൾക്കായി കൂടുതൽ പൊതുശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. അനധികൃതമായി ശുചിമുറി മാലിന്യമെടുക്കുകയും പൊതുയിടങ്ങളിൽ തള്ളുകയും ചെയ്യുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ഇത്തരം പ്രവൃത്തി കോർപറേഷനെ അറിയിക്കണമെന്നും മേയർ പറഞ്ഞു. ഹെൽപ്പ് ലൈൻ നമ്പർ: 14420. സെപ്റ്റേജ് കളക്ഷൻ: 9496434488. വിശദവിവരങ്ങൾ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിൽ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top