19 December Thursday

ഹൃദയഭിത്തിയിലെ വിള്ളലിന് വിട

സ്വന്തം ലേഖകൻUpdated: Tuesday Sep 24, 2024

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയ 
സംഘാംഗങ്ങൾ

തിരുവനന്തപുരം > ഹൃദയാഘാതത്തെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ രണ്ടാം തവണയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരം. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശിയായ 57 കാരനാണ് വെൻട്രിക്കുലാർ സെപ്റ്റൽ റപ്ചർ എന്ന രോഗത്തിന് ചികിത്സ നൽകിയത്. ഉയർന്ന മരണസാധ്യതയുള്ളതും എന്നാൽ വിരളമായി മാത്രം ചികിത്സയ്‌ക്ക്‌ അനുകൂലമായതുമായ ഒരു രോഗമാണിത്.

കഠിനമായ ശ്വാസംമുട്ടലിനെത്തുടർന്ന് കാർഡിയോളജി വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയും ആരോഗ്യനില അതീവ ഗുരുതരമാകുകയും ചെയ്തിരുന്നു. മരുന്നുകളാൽ രക്തസമ്മർദം നിലനിർത്തിയിരുന്ന രോഗിയിൽ ഹൃദയം തുറക്കാതെ തന്നെ ഹൃദയഭിത്തിയിലെ വിള്ളൽ അടയ്ക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇതേ രോഗം ബാധിച്ച കന്യാകുമാരി സ്വദേശിക്കും സമാന ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു.

ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ. കെ ശിവപ്രസാദ്, ഡോ. ശോഭ, ഡോ. രവികുമാർ, ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീൺ വേലപ്പൻ, ഡോ. എസ് പ്രിയ, ഡോ. അമ്പാടി, ഡോ. ഷിൻഗം, പ്രൊഫസർ ഡോ. അൻസാർ എന്നിവരും പ്രജീഷ്, കിഷോർ, അസിം, നേഹ, സുലഭ, അമൽ, കൃഷ്ണപ്രിയ, ധന്യ, സൂസൻ, വിജി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top