12 December Thursday

കേരളത്തിന് ചരിത്ര നേട്ടം: രാജ്യത്തെ 5 പ്രധാന ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജും

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

തിരുവനന്തപുരം> തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്‌സലൻസ് ആയി തെരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ്- ഐസിഎംആർ തിരഞ്ഞടുക്കുന്ന രാജ്യത്തെ അഞ്ച് മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും രണ്ടു കോടി രൂപ മെഡിക്കൽ കോളേജിന് ലഭിക്കും.

കേരളത്തിൽ നിന്നൊരു മെഡിക്കൽ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഈ സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇതോടെ മെഡിക്കൽ കോളേജും എസ്എടി ആശുപത്രിയും സെന്റർ ഓഫ് എക്‌സലൻസായി മാറുകയാണ്. രാജ്യത്തെ അഞ്ചു പ്രധാന ആശുപത്രികൾക്കൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തുമ്പോൾ വളരെ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ തുടക്കകാലത്ത് 2021ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുന്നറിയിപ്പില്ലാതെ മന്ത്രി നടത്തിയ സന്ദർശനമാണ് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളിലേക്ക് തുടക്കം കുറിച്ചത്.

പഴയ അത്യാഹിത വിഭാഗം സ്ഥലപരിമിതിയോടെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഞെങ്ങി ഞെരുങ്ങിയാണ് പ്രവർത്തിച്ചു വന്നിരുന്നത്. വെളിച്ചമില്ലാത്ത വരാന്തയിൽ അഞ്ചും ആറും മണിക്കൂറുകൾ മതിയായ ചികിത്സ ലഭ്യമാകാതെ സ്ട്രച്ചറിൽ കാത്തു കിടക്കുന്ന രോഗികളെ കാണാൻ സാധിച്ചു. പലയിടത്ത് നിന്നും ഇസിജി വേരിയേഷൻ രേഖപ്പെടുത്തി വന്നവരും അക്കൂട്ടത്തിൽ ഉണ്ട്. ഓരോ ഡോക്ടർമാരുടെ ടേബിളിന് ചുറ്റും മുപ്പതും നാൽപതും രോഗികൾ ഉണ്ടായിരുന്നു. സേവനം ലഭിച്ചിരുന്നത് മണിക്കൂറുകൾ കഴിഞ്ഞു മാത്രമാണെന്ന് പലരും പരാതി പറഞ്ഞു. അപ്പോഴാണ് ഈ അവസ്ഥ മാറ്റി എമർജൻസി മെഡിക്കസിൻ വിഭാഗം എവിടെ തുടങ്ങും എന്നുള്ള ചിന്ത വന്നത്.

നിർമ്മാണം തുടങ്ങിയെങ്കിലും വളരെക്കാലം നിലച്ചു പോയിരുന്ന കെട്ടിടത്തിൽ നൂതന എമർജൻസി മെഡിസിൻ സംവിധാനങ്ങളൊരുക്കിയാണ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം ആദ്യമായി നടപ്പിലാക്കി. ചെസ്റ്റ് പെയിൻ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈൻ, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കി. സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. മെഡിക്കൽ കോളേജിലെ എല്ലാ തലത്തിലും സൂക്ഷ്മമായ ഇടപെടൽ വേണമെന്ന് കണ്ടതുകൊണ്ട് പുതിയ ഡിപ്പാർട്ട്‌മെന്റുകൾ, പുതിയ സംവിധാനങ്ങൾ, ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ആരംഭിച്ചു. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അത്യാഹിത വിഭാഗം സന്ദർശിച്ച് അഭിനന്ദിച്ചു. എമർജൻസി മെഡിസിനിൽ മൂന്ന് പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാൻ എന്നിവ സ്ഥാപിച്ചു. പെറ്റ് സ്‌കാൻ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

ഈ കാലയളവിൽ ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ മെഡിക്കൽ കോളേജ് ഉൾപ്പെട്ടു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. 85ൽ അധികം തവണയാണ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സന്ദർശിച്ച് ചർച്ച നടത്തിയത്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവ സ്ഥാപിച്ചു. രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ ആരംഭിച്ചു. 23 കോടിയുടെ ലേഡീസ് ഹോസ്റ്റൽ യാഥാർത്ഥ്യമാക്കി. അടുത്തിടെ മെഡിക്കൽ കോളേജിനായി 25 അധ്യാപക തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ച് നടപടികൾ പുരോഗമിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top