തിരുവനന്തപുരം
മൃഗശാലയിലെ രണ്ട് ഗ്രീൻ അനാക്കോണ്ടകളിൽ ഒന്ന് ചത്തു. "ദിൽ' എന്ന പെൺ അനാക്കോണ്ടയാണ് പതിമൂന്നാം വയസ്സിൽ ചത്തത്. വ്യാഴം വൈകിട്ട് നാലോടെ അവശനിലയിൽ കണ്ട ഇതിന് അടിയന്തര ചികിത്സ നൽകിയെങ്കിലും വൈകിട്ട് അഞ്ചോടെ ചത്തു. വാലിനോട് ചേർന്ന് മുഴ ഉണ്ടായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
2014 ഏപ്രിലിൽ ശ്രീലങ്കയിലെ ദഹിവാല സുവോളജിക്കൽ പാർക്കിൽനിന്നാണ് ഏഴ് ഗ്രീൻ അനാക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ‘ദിൽ’ന് അന്ന് രണ്ടര വയസ്സായിരുന്നു. 49 കിലോ ഭാരവും 3.9 മീറ്റർ നീളവും ഉണ്ടായിരുന്നു.
അനാക്കോണ്ടകളുടെ ആയുസ് പത്ത് വർഷംവരെ ആണെങ്കിലും മൃഗശാലപോലെയുള്ള പ്രത്യേക പരിചരണം ലഭിക്കുന്ന ഇടങ്ങളിൽ കൂടുതൽ വർഷം ജീവിക്കാറുണ്ട്. പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി അവിടെത്തന്നെയുള്ള കാർക്കസ് ഡിസ്പോസൽ പിറ്റിൽ അടക്കം ചെയ്തു. വയറ്റിലെ നീർക്കെട്ട് മരണകാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ മരണ കാരണം അറിയാൻ സാധിക്കൂ എന്ന് മൃഗശാലാ അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..