23 December Monday

ബിജെപി സഹകരണസംഘം തട്ടിപ്പ്‌ ; പരാതിക്കാർ 112 . കണ്ണമ്മൂല ശാഖയിലെ നിക്ഷേപകരും രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


തിരുവനന്തപുരം
ബിജെപി ഭരിക്കുന്ന തിരുവിതാംകൂർ സഹകരണസംഘത്തിനെതിരെ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌ത് പൊലീസ്‌. തിങ്കൾവരെ 15 കേസെടുത്തതായി ഫോർട്ട്‌ പൊലീസ്‌ അറിയിച്ചു. തിങ്കളാഴ്‌ച മാത്രം കണ്ണമ്മൂല ശാഖയിലെ 20 നിക്ഷേപകർ മെഡിക്കൽ കോളേജ്‌ പൊലീസിൽ പരാതി നൽകി. 112 പേരാണ്‌ ഇതുവരെ പരാതി നൽകിയത്‌. ഒരുദിവസം നാലുപേരുടെ മൊഴിയെടുക്കുന്നുണ്ട്‌. ആരോപണങ്ങൾ സാധൂകരിക്കുന്ന രേഖകളും തെളിവും ഹാജരാക്കുന്നവരുടെ പരാതികളാണ്‌ രജിസ്‌റ്റർ ചെയ്യുന്നത്‌.

തകരപ്പറമ്പ്‌, മണക്കാട്‌, കണ്ണമ്മുല, ശാസ്‌തമംഗലം എന്നിങ്ങനെ നാല്‌ ശാഖകളുള്ള സംഘമാണ്‌ തിരുവിതാംകൂർ. തകരപ്പറമ്പ്‌ ശാഖയിലുള്ളവരാണ്‌ പരാതിയുമായി രംഗത്തുവന്നത്‌. ഇവർക്കുമാത്രം 10 കോടിയോളം രൂപ തിരിച്ചുനൽകാനുണ്ട്‌. മറ്റ്‌ ശാഖകളിലുൾപ്പെടെ 42 കോടിയുടെ അധികബാധ്യതയാണ്‌ സംഘത്തിലുള്ളത്‌.

ബിജെപി മുൻ സംസ്ഥാന വക്താവ്‌ എം എസ്‌ കുമാർ 19 വർഷം പ്രസിഡന്റായിരുന്ന സംഘത്തിലെ ഇടപാടുകാരിൽ ഭൂരിഭാഗം പേരും ബിജെപി, ആർഎസ്‌എസുകാരാണ്‌. പാർടിയുടെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ചതിനാൽ പറ്റിക്കപ്പെടുമെന്ന്‌ ചിന്തിച്ചിരുന്നില്ല എന്നാണ്‌ ഇടപാടുകാർ പറയുന്നത്‌. ഭരണസമിതിയുടെ ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്‌മയുമാണ് പ്രതിസന്ധിക്ക്‌ കാരണമെന്ന് സഹകരണ ഇൻസ്‌പെക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്‌. തട്ടിപ്പ്‌ നടത്തിയിട്ടില്ലെന്നും നിക്ഷേപത്തുക നാലുവർഷത്തിനുള്ളിൽ തിരിച്ചുനൽകുമെന്നും മുൻ പ്രസിഡന്റ്‌ എം എസ്‌ കുമാർ വാദിക്കുന്നു. എന്നാൽ എം എസ്‌ കുമാർ ഒളിവിലാണെന്നും ഫോൺ എടുക്കുന്നില്ലെന്നും ഇടപാടുകാരും ആരോപിക്കുന്നു. മൂന്നു കോടി രൂപയിൽ കൂടുതലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാൽ കേസ്‌ അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top