19 September Thursday

തൊടുപുഴ ന​ഗരസഭ ; വൈസ് ചെയര്‍പേഴ്‍സനെതിരായ അവിശ്വാസപ്രമേയം തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


തൊടുപുഴ
തൊടുപുഴ ന​ഗരസഭ വൈസ് ചെയർപേഴ്‍സൺ പ്രൊഫ. ജെസ്സി ആന്റണിക്കെതിരെ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയം തള്ളി. ബിജെപി, ലീ​ഗ് അം​ഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനാൽ  പ്രമേയം ചർച്ചയ്‍ക്കെടുക്കാതെ തള്ളുകയായിരുന്നു. കൈക്കൂലിക്കേസിൽ പ്രതിയാക്കപ്പെട്ട മുൻ ചെയർമാൻ സനീഷ് ജോർജ്‌ രാജിവച്ചതിനുപിന്നാലെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നിരുന്നു. അതിൽ ചെയർപേഴ്‍സൺ സ്ഥാനം എൽഡിഎഫ്‌ നിലനിർത്തിയിരുന്നു. 

വൈസ്‌ ചെയർപേഴ്സണെതിരായ അവിശ്വാസപ്രമേയം തള്ളിയത്‌, ചെയർമാൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിന്‌ വീണ്ടും കനത്ത തിരിച്ചടിയായി. 34 അംഗ കൗൺസിലിൽ അവിശ്വാസം ചർച്ചചെയ്യണമെങ്കിൽ 18 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. 13 അംഗങ്ങളുള്ള യുഡിഎഫിന് ബിജെപിയുടെ പിന്തുണകൂടി ലഭിച്ചാൽ മാത്രമായിരുന്നു ഇത് സാധ്യമാകുക. എന്നാൽ കൗൺസിലിലെത്തിയത് ആറ് കോൺഗ്രസ് അംഗങ്ങളും കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്റെ ഏക അം​ഗവും മുസ്ലിംലീഗ് സ്വതന്ത്രനുമടക്കം എട്ടുപേരാണ്. എൽഡിഎഫ്- 12, യുഡിഎഫ്- 13, ബിജെപി- എട്ട്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. ചെയർമാൻ തെരഞ്ഞെടുപ്പോടെ ജില്ലയിലെ കോൺ​ഗ്രസും മുസ്ലിംലീ​ഗും തുറന്ന പോരിലായിരുന്നു. അവിശ്വാസപ്രമേയ ചർച്ചയിലും ഇത് അവസാനിച്ചിട്ടില്ലെന്ന് ലീ​ഗിന്റെ വിട്ടുനിൽക്കലിലൂടെ ഒന്നുകൂടി വ്യക്തമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top