മട്ടാഞ്ചേരി
ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി (93) അന്തരിച്ചു. കൊച്ചിയിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം ദീർഘകാലമായി മത്സ്യസംസ്‌കരണ -കയറ്റുമതി രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഫോർട്ട്കൊച്ചിയിലെ കുരിശിങ്കൽ കുടുംബാംഗമാണ്.
മുൻ കൗൺസിലർമാരായ കെ ജെ ബെർളിയുടെയും ആനി ബെർളിയുടെയും മകനാണ്. 1954ൽ അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിൽനിന്ന് സിനിമാപഠനം പൂർത്തിയാക്കിയ ഇദ്ദേഹം നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു. വാർണർ ബ്രദേഴ്സിന്റെ ഇഷ്ടനടന്മാരിൽ ഒരാളായിരുന്നു. മലയാളത്തിൽ വിമൽകുമാർ സംവിധാനം ചെയ്ത ‘തിരമാല’ ചിത്രത്തിൽ നായകനായി വേഷമിട്ടു. പിന്നീട്, കെ പി ഉമ്മറിനെ നായകനാക്കി ‘ഇത് മനുഷ്യനോ’, പ്രേംനസീറിനെ പ്രധാന കഥാപാത്രമാക്കി ‘വെള്ളരിക്കാപട്ടണം’ എന്നീ സിനിമകൾ സംവിധാനം ചെയ്തു. ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംഗീതസംവിധാനവും നിർവഹിച്ചു.
സിനിമാജീവിതം വിഷയമാക്കി എഴുതിയ ‘ഹോളിവുഡ് ഒരു മരീചിക’ ഉൾപ്പെടെ നാലു പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചു. ഭാര്യ: സോഫി തോമസ്. മക്കൾ: ടാനിയ എബ്രഹാം, തരുൺ കുരിശിങ്കൽ, ടാമിയ ജോർജ്. മരുമക്കൾ: എബ്രഹാം തോമസ്, ജോർജ് ജേക്കബ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..