22 November Friday

കയര്‍ കേരള 2019 എന്തുനേടി?; തോമസ് ഐസക്ക് പ്രതികരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

ഇന്ത്യയിലെ ഏറ്റവും സംഘടിതമായ കയര്‍ ഭൂവസ്ത്ര വ്യവസായത്തിന്റെ മാത്രമല്ല സേവനദാതാക്കളുടെയും കേന്ദ്രമായി കേരളം മാറണമെന്നു  ധനമന്ത്രി തോമസ് ഐസക്‌.  ഇതിനുള്ള വിലപ്പെട്ട പരിശീലനമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ  ലഭിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 50 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തവണത്തെ നേട്ടം അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നുവെന്നും ഐസക്ക് വ്യക്തമാക്കി

ഫേസ്‌ബുക്ക് പോസ്റ്റ്‌

കയര്‍ കേരള 2019 എന്തുനേടി?

കേരളത്തിലെ കയര്‍ വ്യവസായത്തിനു 399 കോടി രൂപയുടെ ഓര്‍ഡര്‍ നേടിത്തന്നിട്ടാണ് കയര്‍ കേരള 2019ന് തിരശ്ശീല വീഴുന്നത്. കയറ്റുമതിക്കാര്‍, അല്ലാതെയുള്ള ബയേഴ്‌സ്, ചെയിന്‍ സ്റ്റോറുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ഈ തുകയ്ക്ക് കയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കപ്പെട്ടു.

കയര്‍ മേളയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്ര ഭീമമായ തുകയ്ക്ക് കരാര്‍ ഉണ്ടാക്കുന്നത്. സാധാരണഗതിയില്‍ ഏതാണ്ട് 20 കോടി രൂപയുടെ കച്ചവടം മാത്രമാണ് മേളയില്‍ നടക്കുക. രണ്ടു വര്‍ഷം മുമ്പുള്ള കയര്‍ മേളയില്‍ കയര്‍ ഭൂവസ്ത്രം വില്‍ക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പു വയ്ക്കുന്നതിന് ഒരു പരിശ്രമം നടത്തി.
അതിനു ഫലവുമുണ്ടായി.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 50 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തവണത്തെ നേട്ടം അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നു. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രഖ്യാപനം ഈ 399 കോടി രൂപയുടെ വലുപ്പം മനസ്സിലാകണമെങ്കില്‍ കേരളത്തില്‍ നിന്നുള്ള കയറ്റുമതിയുമായി ഇതിനെ താരതമ്യപ്പെടുത്തണം.

ഇതൊരു 600 കോടി രൂപയില്‍ അധികം വരില്ല. എന്നുവച്ചാല്‍ 2018-19ല്‍ കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്ത കയര്‍ ഉല്‍പ്പന്നങ്ങളുടെ ഏതാണ്ട് പകുതി ഈ അഞ്ചുദിവസത്തെ മേളയിലൂടെ നമ്മള്‍ നേടി.കേരളത്തിന്റെ കയറ്റുമതി ഇത്ര കുറവോ എന്ന് ചിലര്‍ സംശയിക്കുന്നുണ്ടാകും. നമ്മുടെ വ്യവസായം തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിയതാണ്. 2728 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നുള്ള കയര്‍ കയറ്റുമതി. ഇതിന്റെ 45 ശതമാനം ചകിരിച്ചോറാണ്.

 22 ശതമാനം ചകിരിയാണ്. 19 ശതമാനം ടഫ്റ്റഡ് മാറ്റാണ്. ബാക്കി 16 ശതമാനമേ പരമ്പരാഗതവും അല്ലാതെയുമുള്ള മറ്റ് ഉല്‍പ്പന്നങ്ങളും ചേര്‍ന്നുളളത്. ആദ്യത്തെ രണ്ട് ഇനങ്ങള്‍ കേരളത്തില്‍ നിന്നും കയറ്റുമതി ഇല്ല. മൂന്നാമത്തേതില്‍ ചെറിയൊരു ഭാഗം മാത്രം. അങ്ങനെ കയറ്റുമതിയുടെ 22 ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. തകര്‍ച്ചയില്‍ നിന്നുള്ള കേരളത്തിന്റെ രണ്ടാം വരവിന്റെ പ്രഖ്യാപനമാണ് കയര്‍ കേരള 2019. ഇതാണ് ഒന്നാമത്തെ നേട്ടം.

2015-16ല്‍ കേരളത്തിലെ കയര്‍ ഉല്‍പ്പാദനം 10000 ടണ്ണില്‍ താഴെയായിരുന്നു. ഇത് ഇപ്പോള്‍ 20000 ടണ്ണാണ്. 2020-21ല്‍ 40000 ടണ്ണാകും. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷമായ 2021-22ല്‍ ഇത് 60000 ടണ്ണായി ഉയരും. കയര്‍ ഉല്‍പ്പാദനത്തിലെ കുതിപ്പിന് മാര്‍ക്കറ്റ് കണ്ടെത്താനാകുമെന്ന വാഗ്ദാനമാണ് കയര്‍ കേരള 2019 നമുക്ക് നല്‍കുന്നത്.

ഓര്‍ഡറുകള്‍ ഇനം തിരിച്ച്

ഒപ്പുവച്ച 399 കോടി രൂപയുടെ ഓര്‍ഡര്‍ ഏതെല്ലാം ഇനങ്ങളിലാണ് എന്നതും പരിശോധനാര്‍ഹമാണ്. ഏറ്റവും ശ്രദ്ധേയം കയറ്റുമതിക്ക് 218 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നൂവെന്നതാണ്. ആറു മാസത്തിനുള്ളില്‍ ഈ ഉല്‍പ്പന്നങ്ങളില്‍ കയര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയാലേ ഇവര്‍ക്ക് 20 ശതമാനം ഇളവ് ലഭിക്കൂ. ഇന്ന് കോര്‍പ്പറേഷന്റെ കൈവശമുള്ള ഏതാണ്ട് 50 കോടി രൂപയുടെ ഭീമമായ സ്റ്റോക്കിന്റെ ദുര്‍വ്വഹമായ ഭാരം ഒഴിവാക്കുന്നതിന് ഇത് സഹായിക്കും.

കൈത്തറി ഉല്‍പ്പന്നങ്ങള്‍ (കയറ്റുമതി)
ടഫ്റ്റഡ് മാറ്റുകള്‍ ചകിരിച്ചോറ്
മറ്റു കയറ്റുമതി ഉല്‍പ്പന്നങ്ങള്‍
ജിയോടെക്സ്റ്റയില്‍സ്
മറ്റ് അഭ്യന്തര മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍

കയര്‍ ഭൂവസ്ത്രം

കയര്‍ കേരള 2019ല്‍ 860 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നായി 2862 പ്രതിനിധികള്‍ പങ്കെടുത്തു. പ്രാദേശിക സര്‍ക്കാരുകള്‍ മൊത്തം 102 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രങ്ങള്‍ക്കുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഇതാണ് കയര്‍ കേരള 2019ന്റെ രണ്ടാമത്തെ നേട്ടം. ഈ വര്‍ഷം തൊഴിലുറപ്പില്‍ 40 ശതമാനം മെറ്റീരിയല്‍ കോസ്റ്റ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ ഈ തുക കൂടുകയല്ലാതെ കുറയുകയില്ല.

കയര്‍ ഭൂവസ്ത്രത്തിന് രണ്ടാം കയര്‍ പുനസംഘടനാ സ്‌കീമില്‍ സുപ്രധാന സ്ഥാനമുണ്ട്. കയര്‍ ഉല്‍പ്പാദനം 60000 ടണ്‍ ആയി വര്‍ദ്ധിപ്പിക്കുകയാണല്ലോ ലക്ഷ്യം. ഇതില്‍ 20000 ടണ്ണേ പരമ്പരാഗത കയര്‍ ഉല്‍പ്പാദന മേഖല ഉള്‍ക്കൊള്ളൂ. ബാക്കി കയര്‍ കയര്‍ ഭൂവസ്ത്രമായി രൂപാന്തരപ്പെടുത്തി വിപണി കണ്ടത്തിയില്ലെങ്കില്‍ കയര്‍ പുനസംഘടനാ സ്‌കീം സ്തംഭിക്കും. ഇത്തരമൊരു സാഹചര്യം തമിഴ്‌നാടിനില്ല.

അവര്‍ ചകിരി കയറ്റുമതിയിലാണ് ഊന്നുന്നത്. എന്നാല്‍ കേരളത്തില്‍ ഒന്നരലക്ഷത്തോളം വരുന്ന കയര്‍പിരി തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതുകൊണ്ട് ലഭ്യമാകുന്ന മുഴുവന്‍ ചകിരിയും കയറാക്കിയേ പറ്റൂ. ഇവിടെയാണ് കയര്‍ ഭൂവസ്ത്രം കേരളത്തിന്റെ രക്ഷയ്ക്ക് എത്തുന്നത്. കേരളത്തില്‍ മാത്രം 100 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രത്തിന്റെ ഡിമാന്റ് ഉണ്ടാക്കാന്‍ കഴിയും. ഇന്ത്യയിലെ മൊത്തം ആഭ്യന്തര മാര്‍ക്കറ്റ് എത്രയെന്ന് ഊഹിച്ചുനോക്കൂ.

ആഭ്യന്തര മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിന് മറ്റു കയര്‍ സംസ്ഥാനങ്ങളുമായി സഹകരിക്കുന്നതിനുള്ള പദ്ധതിക്ക് കയര്‍ കേരള 2019 രൂപം നല്‍കി. ഇതാണ് ഈ മേളയുടെ മൂന്നാമത്തെ നേട്ടം. റോഡ് നിര്‍മ്മാണത്തിനു മാത്രം 40000 ടണ്‍ കയര്‍ ഭൂവസ്ത്രം വേണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ഭീമമായ മാര്‍ക്കറ്റില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ഒരു പദ്ധതികൂടി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും സംഘടിതമായ കയര്‍ ഭൂവസ്ത്ര വ്യവസായത്തിന്റെ മാത്രമല്ല, സേവനദാതാക്കളുടെയും കേന്ദ്രമായി കേരളം മാറണം. ഇതിനുള്ള വിലപ്പെട്ട പരിശീലനമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നമുക്ക് ലഭിക്കുന്നത്. ഇതിന് 100 കയര്‍ ഭൂവസ്ത്ര സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് രൂപം നല്‍കാനുള്ള ഒരു സ്‌കീം സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്. പരിശീലനം നേടിയ യുവഎഞ്ചിനീയര്‍മാര്‍ക്ക് ഓര്‍ഡറുകളോ ആവശ്യമായ കയര്‍ ഭൂവസ്ത്രവും വായ്പയും മറ്റു സഹായങ്ങളും ഒരു പാക്കേജായി ലഭ്യമാക്കും.

ആഭ്യന്തര മാര്‍ക്കറ്റ്

കയര്‍ ഭൂവസ്ത്രത്തിനു മാത്രമല്ല, മറ്റു കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ആഭ്യന്തര മാര്‍ക്കറ്റ് ഉറപ്പു വരുത്തുന്നതിനുള്ള മൂര്‍ത്തമായ നടപടികള്‍ കൈക്കൊണ്ടുവെന്നതാണ് കയര്‍ കേരള 2019ന്റെ നാലാമത് നേട്ടം. ഈ ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ സ്റ്റോറുകളുമായി കരാറുകള്‍ ഒപ്പുവച്ചു. തുക ഇപ്പോള്‍ വ്യക്തമല്ല. നിബന്ധനകളും തീരമാനമായിട്ടില്ല. പക്ഷെ, ഇവര്‍ക്കുള്ള സ്റ്റോക്ക് മുന്‍കൂറായി നല്‍കുന്നതിനും വിറ്റുകഴിഞ്ഞ് പണം തിരിച്ചു തന്നാല്‍ മതിയെന്ന വ്യവസ്ഥ നമുക്ക് സ്വീകാര്യമാണെന്ന് അറിയിച്ചിട്ടുണ്ട്.

നമ്മുടെ പരമ്പരാഗത ഉല്‍പ്പന്ന മേഖലയില്‍ തൊഴില്‍ ഉറപ്പുവരുത്തുന്നതിന് ഇത്തരമൊരു സമീപനം കൂടിയേതീരൂ. ചുവടെപ്പറയുന്ന കമ്പനികളുമായിട്ടാണ് ധാരണയിലെത്തിയത്.

(1) റിലയന്‍സ് (അഖിലേന്ത്യാതലത്തില്‍)
(2) രത്‌നഗിരി ഇംപക്‌സ് (25 കടകള്‍)
(3) വിശാല്‍ മെഗാമാര്‍ട്ട് (165 കടകള്‍)
(4) ഡി മാര്‍ട്ട് (200 കടകള്‍)
(5) ഷോപ്പേഴ്‌സ് സ്റ്റോപ്പ്
(6) ട്രൈഫെഡ് (15 ഷോറൂമുകള്‍)
(7) ഫ്യൂമ (കേരളത്തിലെ ഫര്‍ണീച്ചര്‍ കടകള്‍)
(8) സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്

2020-21ല്‍ ഇന്ത്യയിലെ 1000 പ്രമുഖ കടകളില്‍ കയര്‍ ഉല്‍പ്പന്നങ്ങളുടെ ഒരു ഡിസപ്ലേ അലമാര ഉണ്ടാകുമെന്ന ഉറപ്പാണ് കയര്‍ കേരള 2019 നല്‍കുന്നത്.

കയറുല്‍പ്പാദനത്തില്‍ കുതിപ്പ്

40000 ടണ്‍ കയര്‍ അടുത്ത വര്‍ഷം ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ ചകിരി ഉല്‍പ്പാദനത്തിലെ കുതിപ്പിനു വേഗത കൂട്ടണം. ഇപ്പോള്‍ 135 മില്ലുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മെയ് മാസത്തിനുള്ളില്‍ 50 മില്ലുകള്‍കൂടി പ്രവര്‍ത്തനം ആരംഭിക്കും. 2020-21ല്‍ 200 മില്ലുകള്‍കൂടി ആരംഭിക്കും. ഇതിനുള്ള ഉറപ്പ് കയര്‍ കേരള 2019 നല്‍കുന്നു.

 ഇന്നു കാലത്ത് നടന്ന സംരംഭകത്വ സംഗമത്തില്‍ മുന്നൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. 100 സംരംഭകര്‍ പുതിയതായി ചകിരി മില്ലുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരുമായി കരാര്‍ വച്ചു. ഇതാണ് കയര്‍ കേരള 2019ന്റെ അഞ്ചാമത്തെ നേട്ടം.

തൊണ്ട് സംഭരണം

ഇവയില്‍ പകുതി സര്‍വ്വീസ് സഹകരണ ബാങ്കുകളും നാളികേര പ്രൊഡ്യൂസര്‍ കമ്പനികളുമാണ് സ്ഥാപിക്കുന്നത്. ഇവര്‍ കേവലം ചകിരി ഉല്‍പ്പാദകരായിരിക്കില്ല. നാളികേരം ഇടുകയും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം നടത്തുന്നവര്‍കൂടിയായിരിക്കും. തേങ്ങയുടെ വില കൃഷിക്കാര്‍ക്ക് തല്‍സമയം ഓണ്‍ലൈനായി നല്‍കുകയും, മൂല്യവര്‍ദ്ധനയിലെ നേട്ടം ബോണസായി നല്‍കുകയും ചെയ്യുന്ന സമ്പ്രദായമാണ് ഇവര്‍ സ്വീകരിക്കാന്‍ പോകുന്നത്.

കൃഷി വകുപ്പുമായി ചേര്‍ന്നുള്ള ഈ പദ്ധതി സമഗ്ര നാളികേര വികസന പരിപാടിയുടെ ഭാഗമാണ്. ഇതിനു പുറമേ കുടുംബശ്രീ വഴി തൊണ്ട് ശേഖരിക്കുന്നതിനുള്ള സ്‌കീം ആവിഷ്‌കരിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തൊണ്ട് ഒന്നിന് 50 പൈസ വരെ സബ്‌സിഡി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

കയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 25 ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നതിന് കയര്‍ കേരള 2019ല്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. അവയില്‍ പകുതി ചകിരി ഉല്‍പ്പാദന മേഖലയിലായിരിക്കും. ഇവയും തൊണ്ട് സംഭരണത്തിന് പങ്കുവഹിക്കും.

സഹകരണസംഘങ്ങളും തൊഴിലാളികളും


ചകിരി യന്ത്രങ്ങള്‍ മാത്രമല്ല, കയര്‍ പിരിക്കുന്നതിന് പുതിയതായി 20,000 ഇലക്ട്രോണിക് റാട്ടുകളും, 2000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും, 200 ഓട്ടോമാറ്റിക് തറികളും സ്ഥാപിക്കും. ഇവ യന്ത്രവല്‍ക്കരണം സഹകരണ സംഘങ്ങളെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും. ഇതാണ് കയര്‍ മേളയുടെ ആദ്യ ദിവസം ചേര്‍ന്ന 1500 ഓളം സഹകാരികളുടെയും ഉദ്യോഗസ്ഥരുടെയും സമ്മേളനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ സ്പിരിറ്റ്.പരമ്പരാഗത തടുക്കു തറികളില്‍ നിന്ന് ഭൂവസ്ത്ര തറികളിലേയ്ക്ക് മാറുന്ന ചെറുകിടക്കാര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കും.

ഈ യന്ത്രവല്‍ക്കരണം തൊഴിലാളികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പുവരുത്തും. പരമ്പരാഗത തൊഴിലാളികളുടെ കയറും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്നു നല്‍കുന്ന പിന്തുണ തുടരും. സഹകരണ മേഖലയ്ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് പ്രതിവര്‍ഷം 66 കോടി രൂപയാണ് പ്രതിവര്‍ഷം

ക്ഷേമ-പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കടക്കം ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ അത് 200 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകും. സഹകരണ മേഖലയില്‍ 200 ദിവസത്തിലേറെ തൊഴില്‍ നല്‍കുന്ന 34 സംഘങ്ങളേയുള്ളൂ. ഭൂരിപക്ഷം സംഘങ്ങള്‍ക്കും 200 ദിവസത്തിലേറെ പണി നല്‍കാന്‍ കഴിയണം. കയര്‍ ഉല്‍പ്പാദനം നാലുമടങ്ങ് വര്‍ദ്ധിക്കുമ്പോള്‍ ഇതു സാധ്യമാകും.

ഇന്ന് ഇപ്പോള്‍ 5.5-6.5 മണിക്കൂര്‍ ജോലിക്ക് 350 രൂപ കൂലി സഹകരണ മേഖലയിലുണ്ട്. യന്ത്രവല്‍കൃത മേഖലയില്‍ 600 രൂപയെങ്കിലും കൂലി ലഭ്യമാക്കും. കയര്‍ ഉല്‍പ്പന്ന സംഘങ്ങളില്‍ യന്ത്രവല്‍ക്കരണത്തോടൊപ്പം ദിവസക്കൂലി സമ്പ്രദായത്തിലേയ്ക്ക് നീങ്ങുന്നതിനെക്കുറിച്ചും പരിഗണിക്കേണ്ടതുണ്ട്. കയര്‍പിരി സഹകരണ സംഘങ്ങളില്‍ 2015-16ല്‍ 13380 രൂപയാണ് ശരാശരി ഒരു തൊഴിലാളിക്ക് പ്രതിവര്‍ഷം ലഭിച്ചിരുന്നത്.

2020- 21ല്‍ അത് 50000 രൂപയായി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.രണ്ടാം കയര്‍ പുനസംഘടനയുടെ അസ്ഥിവാരം ഉറച്ചുകഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനമാണ് കയര്‍ കേരള 2019. പുനസംഘടനയുടെ വിജയാഘോഷമായിരിക്കും കയര്‍ കേരള 2020.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top