"ഇടതുപക്ഷ സർക്കാരിൻ്റെ ഈ റെക്കോഡ് നേട്ടത്തോട് കിടപിടിക്കാൻ എന്തുണ്ട്, യുഡിഎഫിൻ്റെ കൈവശം? പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ എത്ര കോടിയാണ് ചെലവഴിച്ചത്? 2011 മുതൽക്കുള്ള യുഡിഎഫ് സർക്കാർ വിദ്യാലയ എത്രയായിരുന്നു, ബജറ്റ് വിഹിതം? നമുക്കു കണക്കുവെച്ച് സംവദിക്കാം. അതിനുള്ള ത്രാണി യുഡിഎഫിൻ്റെ നേതാക്കൾക്കുണ്ടോ?''-മന്ത്രി ടി എം തോമസ് ഐസക് എഴുതുന്നു.മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്.
കേരളത്തിലെ പൊതുവിദ്യാലയവികസനത്തിൻ്റെ സുവർണകാലത്തിന് നേതൃത്വം നൽകുകയാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരനായ വിദ്യാഭ്യാസമന്ത്രിയാണദ്ദേഹം. നല്ലൊരധ്യാപകൻ കൂടിയായ അദ്ദേഹത്തിന് നന്നായി ക്ലാസെടുക്കാനുമറിയാം. കുട്ടികളോടും അധ്യാപകരോടും, വളരെ ലളിതമായി ക്ലാസുകളെടുത്തുകൊണ്ടാണ് അദ്ദേഹം സംവദിക്കുന്നത്. വയനാട് സർവജന സ്കൂളിലുണ്ടായ ഏറ്റവും ദൗർഭാഗ്യകരമായ സംഭവം മുതലെടുത്ത് അദ്ദേഹത്തിൻ്റെ ജനകീയാംഗീകാരവും ഇടതുപക്ഷ സർക്കാരിൻ്റെ പ്രതിച്ഛായയും തകർത്തു കളയാമെന്നാണ് പ്രതിപക്ഷത്തിൻ്റെ വ്യാമോഹം.
ഏറ്റവും വേദനയും സങ്കടവുമുണ്ടെങ്കിലും ആവർത്തിച്ചു പറയട്ടെ, വയനാട് സ്കൂളിലേത് ഒറ്റപ്പെട്ട സംഭവമാണ്. അവിടെ യുപി വിഭാഗത്തിലെ ക്ലാസ് മുറികളിൽ പൊത്തുകളുണ്ടായതും, അതേ ക്ലാസ് മുറിയിൽ കുട്ടികൾക്കു ചെരുപ്പ് വിലക്കിയതുമൊക്കെ പ്രത്യേകമായി അന്വേഷിക്കേണ്ട വിഷയങ്ങളാണ്. ആ അന്വേഷണം നടക്കുകയുമാണ്. ഉത്തരവാദികൾ രക്ഷപെടുകയില്ല. അത് സർക്കാർ ഉറപ്പാക്കും. എന്നാൽ ഈ ഒറ്റപ്പെട്ട സംഭവം ഉപയോഗിച്ച് കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ഇത്തരത്തിലാണെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസും പ്രതിപക്ഷവും ശ്രമിക്കേണ്ടതില്ല. ആ പരിപ്പൊന്നും വേവില്ല.
നമുക്കു താരതമ്യം ചെയ്യാം. അഞ്ചുകൊല്ലം കൊണ്ട് കേരളത്തിലെ സ്കൂളുകളുടെ പശ്ചാത്തല സൗകര്യത്തിന് ചെലവഴിച്ച ആകെ തുകയെത്രെയന്ന് വെളിപ്പെടുത്താൻ കോൺഗ്രസുകാരെ വെല്ലുവിളിക്കുകയാണ്. ബജറ്റിലെ കണക്കുണ്ടല്ലോ. അവരുടെ ചെലവും ഞങ്ങളുടെ ചെലവുമായി താരതമ്യം ചെയ്തൊരു സംവാദത്തിന് നട്ടെല്ലുണ്ടോ, രവീന്ദ്രൻമാഷിനെ കരിങ്കൊടി കാണിക്കാൻ നടക്കുന്ന യൂത്തു കോൺഗ്രസുകാർ. സ്വന്തം സംഘടനയുടെ അഖിലേന്ത്യാ നേതൃത്വം മഷിയിട്ടു നോക്കിയിട്ടുപോലും കണ്ടുകിട്ടാത്ത വർഗമാണിവർ. തങ്ങളിവിടെ ജീവിച്ചിരിപ്പുണ്ടെന്ന് സ്വന്തം നേതാക്കളെ ബോധ്യപ്പെടുത്താനാവണം, വിദ്യാഭ്യാസ മന്ത്രിയ്ക്കു നേരെയുള്ള കരിങ്കൊടി വീശൽ.
എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ കണക്കുകൾ പറയാം. കിഫ്ബി സഹായത്തോടെയും പ്ലാൻ ഫണ്ടിലൂടെയും കേരളത്തിലെ 1501 സ്കൂളുകളിലാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. 5 കോടി ചെലവിൽ 141 സ്കൂളുകൾ, 3 കോടി വീതം 328 സ്കൂളുകൾ, ഒരു കോടി വീതം 612 സ്കൂളുകൾ, പ്ലാൻ ഫണ്ടിൽനിന്ന് 351 സ്കൂളുകൾ, കോസ്റ്റൽ മേഖലയിൽ 69 സ്കൂളുകൾ എന്നിങ്ങനെയാണ് പണം അനുവദിച്ചിരിക്കുന്നത്. പശ്ചാത്തലസൌകര്യത്തിനു മാത്രം 2789 കോടി രൂപ.
ഇതിനു പുറമെയാണ് 4752 സ്കൂളുകളിലെ 8 മുതൽ 12 വരെ 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കിയത്. 9941 സ്കൂളുകളെ ഹൈടെക് ആക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ഈ ബ്രഹദ് പദ്ധതിയുടെ ചെലവ് 795 കോടി രൂപയാണ്. ഇതിനു പുറമെ, വിവിധ ഏജൻസികളുടെ സിഎസ്ആർ ഫണ്ട്, വ്യക്തികളും സ്ഥാപനങ്ങളും ചെലവഴിക്കുന്ന തുക ഒക്കെ വരും.
ഈ മുതൽമുടക്ക് നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് നീതി ആയോഗ് പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡ് ഇൻഡെക്സിലെ കേരളത്തിൻ്റെ മുന്നേറ്റം സൂചിപ്പിക്കുന്നത്. നീതി ആയോഗിൻ്റെ സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനത്താണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തന്നെയാണ് ഈ കുതിപ്പിനു കാരണമായത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 2015-16ലെ 77.6 എന്ന സ്കോർ 2016-17ൽ 82.2 ആയി ഉയരുകയായിരുന്നു. പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രമാക്കാൻ ഇടതുപക്ഷ സർക്കാർ പൊതുവിലും വിദ്യാഭ്യാസ മന്ത്രി പ്രത്യേകിച്ചും കാണിക്കുന്ന ഉത്സാഹത്തിൻ്റെയും പ്രതിബദ്ധതയുടെയും നേട്ടം തന്നെയാണിത്. അഞ്ചോ ആറോ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി വീശലുകൊണ്ടൊന്നും ഈ നേട്ടം മറച്ചുപിടിക്കാനാവില്ല.
ഇടതുപക്ഷ സർക്കാരിൻ്റെ ഈ റെക്കോഡ് നേട്ടത്തോട് കിടപിടിക്കാൻ എന്തുണ്ട്, യുഡിഎഫിൻ്റെ കൈവശം? പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ എത്ര കോടിയാണ് ചെലവഴിച്ചത്? 2011 മുതൽക്കുള്ള യുഡിഎഫ് സർക്കാർ വിദ്യാലയ എത്രയായിരുന്നു, ബജറ്റ് വിഹിതം? നമുക്കു കണക്കുവെച്ച് സംവദിക്കാം. അതിനുള്ള ത്രാണി യുഡിഎഫിൻ്റെ നേതാക്കൾക്കുണ്ടോ?
ഓർമ്മയില്ലേ മലാപ്പറമ്പ് സ്കൂൾ? ആ ഒരൊറ്റ ഉദാഹരണം മതിയല്ലോ, രണ്ടു സർക്കാരുകളുടെയും പ്രതിബദ്ധതയുടെ മാറ്റളക്കാൻ. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് അർദ്ധരാത്രിയ്ക്കാണ് ആ സ്കൂൾ കെട്ടിടം ജെസിബി ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്. ഒരു ചെറുവിരൽ പോലും അതിനെതിരെ ചലിപ്പിക്കാനോ, രക്ഷിതാക്കൾക്കും കുട്ടികൾക്കുമൊപ്പം നിൽക്കാനോ അന്നത്തെ സർക്കാർ തയ്യാറായില്ല. പകരം, നിസംഗതയോടെ മൗനാനുവാദം നൽകി മാറി നിൽക്കുകയായിരുന്നു. സ്കൂൾ പൂട്ടിയ ശേഷം അഞ്ചുമാസത്തോളം കോഴിക്കോട് കളക്റ്ററേറ്റിലെ താത്കാലിക കെട്ടിടത്തിലായിരുന്നു കുട്ടികൾ പഠിച്ചത്. ആ കുട്ടികളും സ്കൂളും വഴിയാധാരമാവില്ലെന്ന് ഉറപ്പുവരുത്തിയത് എൽഡിഎഫ് സർക്കാർ. പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി വിസ്മയകരമായ എന്തെന്തു മാറ്റങ്ങളാണ് ആ പൊതുവിദ്യാലയത്തിലുണ്ടാക്കിയത് എന്ന് കരിങ്കൊടി പ്രതിഷേധക്കാര്‍ വിലയിരുത്തുന്നത് നന്ന്.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി പൊതുവിദ്യാഭ്യാസ രംഗത്ത് എൽഡിഎഫ് സർക്കാരുണ്ടാക്കിയ നേട്ടങ്ങളുടെ പട്ടിക ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ചുരുക്കാനാവില്ല. എന്നാൽ ആ നേട്ടങ്ങളുടെ രത്നച്ചുരുക്കം ഒറ്റവാചകത്തിൽ പറയാനും പറ്റും. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധികമായി എത്തിയത് 504851 കുട്ടികളാണ്. ഈയൊരു ഒറ്റക്കണക്കു മതി, കേരളത്തിലെ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിൻ്റെയും മനസിൽ പൊതുവിദ്യാലയങ്ങൾക്ക് ലഭിച്ച വിശ്വാസ്യതയുടെ ആഴമറിയാൻ. നീതി ആയോഗിൻ്റെയൊക്കെ റിപ്പോർട്ടും പഠനവും അതു സാക്ഷ്യപ്പെടുത്തുന്നു എന്നേയുള്ളൂ.
അതുകൊണ്ട് വയനാട്ടിലെ നിർഭാഗ്യകരമായ സംഭവത്തിൻ്റെ പേരിൽ വിദ്യാഭ്യാസമന്ത്രിയെ ക്രൂശിച്ചുകളയാമെന്ന യുഡിഎഫിൻ്റെ വ്യാമോഹം വിലപ്പോവില്ല. ആ സംഭവത്തെ സാമാന്യവത്കരിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയാകെ അത്തരത്തിലാണ് എന്ന് പ്രചരിപ്പിച്ചാൽ വിശ്വസിക്കാനും നാട്ടിൽ ആളെക്കിട്ടില്ല. വെറുതെ കല്ലിൽക്കടിച്ച് പല്ലു കളയാമെന്നു മാത്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..