27 December Friday

സിൽബന്ധികൾക്കു വേണ്ടിയുള്ള 
ജനവിരുദ്ധ ബജറ്റ്‌ : ഡോ. ടി എം തോമസ്‌ 
ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024



ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ജനവിരുദ്ധ ബജറ്റാണിത്‌. ആന്ധ്രക്കും ബിഹാറിനുമെല്ലാം വാരിക്കോരി ചോദിച്ചത്‌ കൊടുക്കുമ്പോൾ കേരളത്തിന്റെ പാക്കേജിനെക്കുറിച്ച്‌  കേന്ദ്രമന്ത്രി പ്രതികരിച്ചില്ല. മാത്രമോ, ‘ദാ വന്നു’ എന്ന്‌ തൃശൂർ എംപി വീമ്പിളക്കിയ എയിംസിനെക്കുറിച്ച്‌ മിണ്ടാട്ടവുമില്ല.

കോവിഡിനുശേഷം ധനമന്ത്രി അവതരിപ്പിച്ച ബജറ്റുകളുടെ അതേ മാതൃകയിലാണ്‌ ധനദൃഢീകരണത്തിന്‌ ഊന്നുന്ന ഈ ബജറ്റും. സാമ്പത്തിക സർവെയിൽ പറഞ്ഞതുപോലെ സാമ്പത്തിക വളർച്ചയുടെ വേഗമേറിയതുകൊണ്ടുതന്നെ റവന്യൂ വരുമാനം ഗണ്യമായി ഉയർന്നു. 26.32 ലക്ഷം കോടി രൂപ ഉണ്ടായിരുന്നത്‌ 31.29 ലക്ഷം കോടിയായി വർധിച്ചു. ഇങ്ങനെ 14.5 ശതമാനം വർധിക്കുമ്പോൾ ജനങ്ങൾക്കുള്ള സഹായങ്ങളും  ക്ഷേമച്ചെലവും വർധിക്കേണ്ടതാണ്‌. എന്നാൽ, റവന്യൂ ചെലവ്‌ 5.9 ശതമാനം മാത്രമാണ്‌ വർധിച്ചത്‌. വിലക്കയറ്റംകൂടി പരിഗണിച്ചാൽ ഇത്‌ വർധനവേ അല്ല.

റവന്യൂ വരുമാനം ഗണ്യമായി വർധിക്കുമ്പോൾ എന്തുകൊണ്ട്‌ റവന്യൂ ചെലവ്‌ വർധിപ്പിക്കുന്നില്ല?  ധനക്കമ്മി കുറയ്‌ക്കുകയാണ്‌ ലക്ഷ്യം. വായ്‌പ എടുക്കുന്നത്‌ 17 ലക്ഷം കോടിയിൽനിന്ന്‌ 16 ലക്ഷം കോടിയായി കുറച്ചതിന്റെ ഫലമായി ധനക്കമ്മി 5.69 ശതമാനത്തിൽനിന്ന്‌ 4.9 ശതമാനമായി.  പശ്ചാത്തല സൗകര്യത്തിനുള്ള ചെലവ് 29 ശതമാനമാണ്‌ കൂട്ടിയത്‌. റവന്യു വരുമാനം വർധിച്ചത്‌ ധനക്കമ്മി കുറയ്‌ക്കുന്നതിനും പശ്ചാത്തല സൗകര്യ നിർമിതിക്കും വേണ്ടി പൂർണമായി ചെലവഴിച്ച്‌ ജനങ്ങളുടെ ക്ഷേമത്തിന്‌  പണം നീക്കിവച്ചിട്ടില്ല.

ഇതിന്റെ  തിരിച്ചടി കാർഷിക മേഖലയിലാണ്‌. കാർഷിക വകുപ്പിന്റെ ബജറ്റ്‌ അടങ്കൽ 1.44 ലക്ഷത്തിൽനിന്ന്‌ 1.51 ലക്ഷത്തിൽ എത്തിയിട്ടേയുള്ളൂ. വളം സബ്‌സിഡി 1.75 ലക്ഷം കോടി രൂപയായിരുന്നത്‌ ഈ വർഷം 1.64 ലക്ഷം കോടിയായി കുറച്ചു. വിളകളുടെ തറവില വർധിപ്പിച്ചതുമില്ല.  കിസാൻ സമ്മാൻ കഴിഞ്ഞ തവണത്തെ 60,000 കോടിയല്ലാതെ ഒരു പൈസ വർധിപ്പിച്ചിട്ടില്ല.

തൊഴിലുറപ്പിന്‌  2022–--2023ൽ 90,806 കോടി രൂപ ചെലവഴിച്ചപ്പോൾ  കഴിഞ്ഞ വർഷം വകയിരുത്തിയത്‌ 60,000 കോടി മാത്രം. പ്രതിഷേധത്തിന്റെ ഫലമായി 2023–-2024 ൽ 86,000 കോടി രൂപ ചെലവായി എന്നാണ്‌ കണക്ക്‌.  ഫലത്തിൽ ഒരു പൈസ വർധിപ്പിട്ടില്ല. എന്നിട്ട്‌ മുൻവർഷത്തേക്കാൾ 26,000 കോടി കൂടുതൽ വകയിരുത്തിയെന്ന്‌ വീമ്പുപറയുന്നു.  തന്നെയുമല്ല ഈ വർഷം ജൂൺവരെ 46,000 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു. ബാക്കി പണംകൊണ്ട്‌ ഇനിയുള്ള മാസം ചെലവഴിക്കാനുള്ള പണം എങ്ങനെ കണ്ടെത്തും. രണ്ടുവർഷം മുമ്പ്‌ ചെലവാക്കിയ തുകപോലും തൊഴിലുറപ്പിന്‌ നീക്കിവച്ചില്ല. 

കേരളത്തെ വലിയൊരപകടം കൂടി തുറിച്ചുനോക്കുന്നുണ്ട്‌. സാമ്പത്തിക സർവെയിൽ കേരളവും തമിഴ്‌നാടും മറ്റും തൊഴിലുറപ്പ്‌ ദുരുപയോഗം ചെയ്യുകയാണെന്ന്‌ ആരോപിച്ചിട്ടുണ്ട്‌. കാരണം, രണ്ട്‌ സംസ്ഥാനങ്ങളിൽ ഇന്ത്യയിലെ ദരിദ്രരുടെ 1.1 ശതമാനമേ ഉള്ളൂ. പക്ഷേ അവരാണ്‌ 19 ശതമാനം തൊഴിലുറപ്പ്‌ പണവും ചെവഴിക്കുന്നത്‌. അതേസമയം 45 ശതമാനം ദരിദ്രർ ബിഹാറിലും യുപിയിലുമാണ്‌. അവർക്ക്‌ മൊത്തം ചെലവിന്റെ ഏതാണ്ട്‌ 17 ശതമാനമേ വരുന്നുള്ളൂ. ഇങ്ങിനെ പറഞ്ഞത്‌ തൊഴിലുറപ്പ്‌ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരുടെ എണ്ണത്തിന്റെ അനുപാതത്തിൽ വിതരണം ചെയ്യാനാണ്‌.  
 
അങ്കണവാടിക്ക്‌ ഈ വർഷവും അടുത്ത വർഷവും 21,000 കോടി രൂപയാണ്‌. ആശാവർക്കർമാർക്ക്‌ വർധിപ്പിച്ചിട്ടില്ല. ജൽജീവൻ മിഷന്‌ കഴിഞ്ഞ വർഷവും ഈവർഷവും 70,000 കോടിതന്നെ.  പിഎം പോഷണ്‌ കഴിഞ്ഞ വർഷം 17,000 എന്നത്‌ 12,467 ആയി. സമഗ്ര ശിക്ഷാ അഭിയാന്‌ കഴിഞ്ഞ വർഷും ഈ വർഷവും 37,600 കോടി.  സ്വച്ഛ്‌ ഭാരതിന്റെ അടങ്കലിനും മാറ്റമില്ല. ദേശീയ പെൻഷന്  കഴിഞ്ഞ വർഷത്തെ 9,600 കോടി തന്നെ  ഈ വർഷവും. തൊഴിലില്ലായ്‌മ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌–-9.2 ശതമാനം. മോഡി അധികാരത്തിൽ വന്നശേഷം തൊഴിലില്ലായ്‌മ തുടർച്ചയായി ഉയരുകയാണ്‌. കള്ളക്കണക്കുകൊണ്ട്‌ അതുമൂടിവയ്‌ക്കാനാണ്‌  ശ്രമം.

കഴിഞ്ഞ വർഷം ആദ്യമായി വ്യക്‌തികളുടെ ആദായനികുതി കോർപ്പറേറ്റുകളുടെ പ്രത്യക്ഷ നികുതിയേക്കാൾ വർധിച്ചു. 2024–-2025ൽ ഈ അന്തരം കൂടി. ഇതൊക്കെ ചെയ്‌തുകൊടുത്തിട്ടും കോർപ്പറേറ്റ് നിക്ഷേപം ഉയരുന്നില്ല. ഉപഭോഗം വർധിക്കാത്തതാണ്‌ കാരണം. ജനങ്ങളുടെ ഉപഭോഗ നിലവാരം ഉയർത്താൻ ബജറ്റിൽ ഒന്നുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top