26 December Thursday

കേരളത്തിന്റെ വികസനം തടയാൻ കേന്ദ്രത്തിന് ബുദ്ധി ഉപദേശിക്കുന്നത് 
കോൺഗ്രസ് എംപിമാർ: തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Sunday Oct 15, 2023
തിരുവല്ല > സംസ്ഥാനത്തിന്റെ വികസനം തടയാൻ കേന്ദ്രസർക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവരായി കോൺഗ്രസ് എംപിമാർ മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയോട് എംപിയും കേന്ദ്ര സർക്കാരും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ എൽഡിഎഫ് നേതൃത്വത്തിൽ നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
കഴിഞ്ഞ 15 വർഷം മണ്ഡലത്തിന് വേണ്ടി എന്തു ചെയ്‌തെന്ന് എംപിയും യുപിഎ ഭരണകാലത്ത് കേരളത്തിന്റെ റെയിൽവേ വികസനത്തിനായി എന്തു ചെയ്തുവെന്ന് കോൺഗ്രസും വ്യക്തമാക്കണം. യുപിഎ സർക്കാർ കേരളത്തെയും റെയിൽവേയേയും അവഗണിച്ചു. കോൺഗ്രസ് എംപിമാർക്ക് ഒന്നും ചെയ്യാനായില്ല. കേരളത്തിനനുവദിച്ച കോച്ച് ഫാക്ട‌റി പോലും കൊണ്ടുപോയി. അന്നു മുതൽ കോൺഗ്രസ് തുടങ്ങിവച്ച അവഗണനയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തുടരുന്നത്.
 
2011ൽ റാന്നി - പമ്പ റെയിൽ പാത യാഥാർഥ്യമാക്കാൻ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് പറഞ്ഞപ്പോൾ വഹിക്കാം എന്ന് കേരളം പറഞ്ഞതാണ്. എന്നിട്ടും തുടർ നടപടി ഉണ്ടായില്ല. യുഡിഎഫ് സർക്കാർ ദേശീയ പാതാ വികസനം ഉപേക്ഷിച്ചിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ 6000 കോടി രൂപ കേന്ദ്രത്തിന് നൽകിയാണ് പദ്ധതി പൂർത്തിയാക്കിയത്. കേന്ദ്ര പദ്ധതിക്ക് പകുതി പണം സംസ്ഥാനം നൽകണമെന്ന് പറയുന്നത് മറ്റൊരിടത്തുമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
എൽഡിഎഫ് മണ്ഡലം കൺവീനർ അഡ്വ. ആർ സനൽകുമാർ അധ്യക്ഷനായി. മാത്യു ടി തോമസ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, അലക്‌സ് കണ്ണമല, ബിനു വർഗീസ്, സജി അലക്‌സ് , ബാബു പാലയ്ക്കൽ,  ജേക്കബ് മദിനഞ്ചേരി, രാജശേഖരൻനായർ, ചെറിയാൻ പോളച്ചിറയ്ക്കൽ, ജിജി വട്ടശേരിൽ, മുരളീധരൻനായർ, അലക്സാണ്ടർ കെ സാമുവേൽ, ബെന്നി പാറേൽ, റെയ്നാ ജോർജ്, ബാബു പറയത്തു കാട്ടിൽ, ജോ എണ്ണയ്ക്കാട്, എം ബി നൈനാൻ എന്നിവർ സംസാരിച്ചു. തിരുവല്ല കെഎസ്ആർടിസി കോർണറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top