22 December Sunday
2040 ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനം

വൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി
10,000 മെഗാവാട്ടാക്കും : മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Tuesday Oct 29, 2024


ലോവർപെരിയാർ
സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി 2030 ഓടെ 10,000 മെഗാവാട്ടായി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാൻ 100 ശതമാനം വൈദ്യുതിയും 2040ഓടെ പുനരുപയോഗ ജലവൈദ്യുത സ്രോതസ്സുകളിൽനിന്ന്‌ ഉപയോഗിക്കാൻ ലക്ഷ്യമിടുന്നതായും തൊട്ടിയാർ ജലവൈദ്യുത പദ്ധതി ഉദ്ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുട്ടാപ്പോക്ക് നയം ഈ സര്‍ക്കാരിനില്ല. 2016ല്‍ അധികാരത്തില്‍വന്ന സര്‍ക്കാര്‍ തൊട്ടിയാര്‍ പദ്ധതി വേ​ഗത്തിലാക്കി. ആഭ്യന്തര ഉൽപാദനം കൊണ്ടുമാത്രം സംസ്ഥാനത്തെ വൈദ്യുതാവശ്യം നിറവേറ്റാനാകില്ല. ജലവൈദ്യുതി പദ്ധതി, സോളാർ, കാറ്റ്‌, പമ്പ്ഡ് സ്‌റ്റോറേജ്‌ എന്നിവയിലൂടെയാണ് കൂടുതൽ ഉൽപാദനം കൈവരിക്കാനാവുക. വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാൻ വിതരണ ശൃംഖലയെ നവീകരിക്കണം. വ്യാവസായിക, ഗാർഹിക ആവശ്യങ്ങൾക്ക്‌ മതിയായ ഊർജലഭ്യത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. നിലവിൽ കേരളത്തിന് പ്രതിദിനം ഏകദേശം 4,500മുതൽ 5,000 മെഗാവാട്ട് വൈദ്യുതി വേണം. കഴിഞ്ഞ വേനലിൽ ആവശ്യകത 5,700 മെഗാവാട്ടിന് മുകളിലെത്തി.

തൊട്ടിയാർ പദ്ധതിക്കുപുറമേ ഈ സർക്കാർ ഇതുവരെ 88.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുതി പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതികളും നടപ്പാക്കി. പള്ളിവാസൽ എക്‍സ്റ്റൻഷൻ സ്‌കീം, ഭൂതത്താൻകെട്ട്, ചിന്നാർ, ഓലിക്കൽ, പൂവാരംതോട്, പഴശി സാ​ഗർ, അപ്പർ ചെങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതികൾ, മാങ്കുളം ജലവൈദ്യുത പദ്ധതി, ചെങ്കുളം ഓഗ്മെന്റേഷൻ പദ്ധതി എന്നിവയും നടപ്പാക്കുകയാണ്. മറ്റ് വിവിധ പദ്ധതികൾക്ക് കീഴിൽ 1,70,638 നിലയങ്ങൾ സ്ഥാപിച്ചതോടെ സൗരോർജത്തിലൂടെ 1,215.68 മെഗാവാട്ട് കൂടി ലഭ്യമാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസരണ ശൃംഖല ശക്തിപ്പെടുത്തും
ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാടിന്‌ സമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാൻസ്‌ഗ്രിഡ്‌ പദ്ധതി പൂർണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രസരണനഷ്ടം പരിഹരിച്ച് 107.8 മെഗാവാട്ടിന്റെ നേട്ടമുണ്ടാകും. അതുവഴി വര്‍ഷം ശരാശരി 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. വൈദ്യുതി വിതരണ മേഖല ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന "ദ്യുതി’യിൽ ആദ്യഘട്ടം 3,765 കോടി രൂപയുടെയും രണ്ടാംഘട്ടം 747 കോടി രൂപയുടെയും പദ്ധതികൾ പൂര്‍ത്തിയാക്കി. 15,000 കിലോമീറ്റർ ലൈൻ പൂര്‍ത്തിയാക്കി. 6,158 ട്രാന്‍സ്‌ഫോര്‍മർ സ്ഥാപിച്ചിട്ടുണ്ട്.

വൈദ്യുതി സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി 977കോടിയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. ഫിലമെന്റ് രഹിത കേരളം പദ്ധതിയിൽ 20 ലക്ഷം ഉപഭോക്താക്കള്‍ രജിസ്റ്റര്‍ചെയ്തു. നാല് ലക്ഷത്തോളം സ്ട്രീറ്റ് ലൈറ്റുകള്‍  മാറ്റിസ്ഥാപിച്ചു. വൈദ്യുത വാഹനങ്ങള്‍ക്കായി എല്ലാ ജില്ലയിലുമായി 80 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. 1,169 പോള്‍മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുമുണ്ട്. ഊര്‍ജ ഉല്‍പ്പാദന, വിതരണ, ഉപയോഗ രംഗങ്ങളില്‍ കാര്യക്ഷമമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top