കൊച്ചി
ലെനിൽ സെന്ററിൽ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ ഡോ. ജോ ജോസഫ് ലിസി ആശുപത്രിയിലെ കാത്ത്‌ലാബിൽ ഹൃദയങ്ങളുമായി സംവദിക്കുകയായിരുന്നു. പാഞ്ഞെത്തിയ മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി തിരക്കു കൂട്ടുമ്പോൾ പരിശോധനയുടെ ഇടവേള വരെ കാത്തുനിൽക്കാൻ ഡോക്‌ടറുടെ ആംഗ്യം.
ആശുപത്രിയിൽ കാത്തുനിന്ന അവസാന രോഗിയെയും സ്‌നേഹപൂർവം ആശ്വസിപ്പിച്ച്, സാന്ത്വനിപ്പിച്ചാണ് കാത്ത് ലാബിൽനിന്ന് ഡോ. ജോ ജോസഫ് തൃക്കാക്കരയുടെ ഹൃദയാംഗീകാരത്തിനുള്ള യാത്ര തുടങ്ങിയത്. ‘‘ഇത് അഭിമാനം, അംഗീകാരം. എല്ലാ വേദനകൾക്കും ആശ്വാസവും പരിഹാരവുമേകുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയാകാൻ കഴിഞ്ഞത് മഹാഭാഗ്യം’’. കാത്തുനിന്ന മാധ്യമങ്ങളോട് ഡോ. ജോ ജോസഫിന്റെ ആദ്യ പ്രതികരണം.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്‌രോഗചികിത്സകനാണ് ജോ ജോസഫ്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം 10 വർഷമായി രണ്ടുഡസനിലേറെ ഹൃദയമാറ്റ ശസ്‌ത്രക്രിയകളിലെ മുൻനിരപ്പങ്കാളി. രോഗികളിൽ തുന്നിച്ചേർക്കേണ്ട ഹൃദയങ്ങൾ ദൂരങ്ങളിൽനിന്ന് പറന്നെത്തിയത് ഈ കൈകളുടെ സുരക്ഷിതത്വത്തിൽ.
എന്തുകൊണ്ട് ഇടതുപക്ഷമെന്ന ചോദ്യത്തിന്, താനെന്നും ഇടതുപക്ഷമെന്ന് ഡോക്‌ടറുടെ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണയോഗങ്ങളിൽ പങ്കെടുത്തിരുന്നു. പ്രളയകാലത്തും കോവിഡ് പ്രതിരോധത്തിലും സർക്കാരിനൊപ്പംനിന്ന് പ്രവർത്തിച്ചു. ഈ അംഗീകാരം അതിന്റെ തുടർച്ചയെന്നും ഡോക്‌ടർ.
കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് നേടിയ ജോ ജോസഫ്, കട്ടക് എസ്‌സിബി മെഡിക്കൽ കോളേജിൽനിന്ന് ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് കാർഡിയോളജിയിൽ ഡിഎമ്മും നേടി. ‘‘എ ഹാർഡ്‌കോർ കാർഡിയോളജിസ്‌റ്റ്’’ എന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സാക്ഷ്യപ്പെടുത്തൽ.
എഴുത്തുകാരനും പ്രഭാഷകനും ജീവകാരുണ്യപ്രവർത്തകനും പ്രോഗ്രസീവ് ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ സജീവപ്രവർത്തകനും ഹാർട്ട് ഫൗണ്ടേഷൻ ട്രസ്‌റ്റിയുമാണ് ഈ നാൽപ്പത്തിമൂന്നുകാരൻ. ഹൃദയപൂർവം ഡോക്ടർ എന്ന പുസ്‌തകവും രചിച്ചിട്ടുണ്ട്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയിലാണ് സ്ഥിരതാമസം. പൂഞ്ഞാർ കളപ്പുരയ്‌ക്കൽ കുടുംബാംഗമാണ്. ചങ്ങനാശേരിയിൽ ജനനം. കെഎസ്‌ഇബി ജീവനക്കാരനായിരുന്ന പരേതനായ കെ വി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകൻ. തൃശൂർ ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ സൈക്യാട്രിസ്‌റ്റ് ഡോ. ദയ പാസ്‌കലാണ് ഭാര്യ. മക്കൾ: ജൊവാൻ ലിസ് ജോ (കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ പത്താംക്ലാസ്), ജിയന്ന (ആറാംക്ലാസ്).
എയർ ആംബുലൻസിൽ എറണാകുളത്ത് എത്തിച്ച ഹൃദയം ലിസി ആശുപത്രിയിലേക്ക്
ഡോ. ജോ ജോസഫ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരുടെ
നേതൃത്വത്തിൽ കൊണ്ടുപോകുന്നു (ഫയൽ ചിത്രം)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..