14 November Thursday

ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിര്‍മിക്കാന്‍ 
അനുമതി നല്‍കി തൃക്കാക്കര ന​ഗരസഭ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


തൃക്കാക്കര
ഡാറ്റാ ബാങ്കിൽ നിലമായി രേഖപ്പെടുത്തിയ ഭൂമിയിൽ തൃക്കാക്കര നഗരസഭ ഫ്ലാറ്റ് പണിയാൻ അനുമതി നൽകിയതായി ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. പൂർവ റിയാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, മെൽമോണ്ട് കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കാണ് നഗരസഭ രണ്ടാം വാർഡിൽ ബിഎം നഗറിൽ കെട്ടിടനിർമാണത്തിന് അനുമതി നൽകിയത്.

ഇത്തരം ഭൂമിയില്‍ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾപ്രകാരമല്ലാതെ നിർമാണ അനുമതിയോ, എൻഒസിയോ അനുവദിക്കാൻ പാടില്ലെന്നാണ് ചട്ടം. 2008ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 14–--ാം വകുപ്പ് ലംഘിച്ചാണ് അനുമതി നൽകിയതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി.
ഫ്ലാറ്റ് നിർമാണം ആരംഭിച്ച സ്ഥലത്ത് പുറമ്പോക്ക് സ്ഥലം, നിലം, പൊതു കാന എന്നിവയും ഉൾപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരിൽനിന്ന്‌ വിശദീകരണം തേടണമെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. നിലംപതിഞ്ഞി സ്വദേശിയുടെ നിലമായി രേഖപ്പെടുത്തിയ ഭൂമിയിലും കെട്ടിടനിർമാണത്തിന് നഗരസഭ അനുമതി നൽകിയതായും കണ്ടെത്തി.

ഓഡിറ്റ് റിപ്പോർട്ടിൽ 
സർവത്ര ക്രമക്കേട്
ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2022–-23ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തൃക്കാക്കര നഗരസഭയിൽ അനേകം ഗുരുതരക്രമക്കേട്‌ കണ്ടെത്തി.  തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് നല്‍കിയ 5.08 ലക്ഷം രൂപയും റോഡരികിലെ വൃക്ഷങ്ങള്‍ വെട്ടിമാറ്റിയതിന്‌ അനുവദിച്ച 47,520 രൂപയും എബിസി പ്രോഗ്രാമിനായി നല്‍കിയ 1.25 ലക്ഷം രൂപയും ആരോഗ്യ ഉദ്യോഗസ്ഥരുടെ ക്യാബിനിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങിയ 66,490 രൂപയും രേഖകളില്ലാതെ അനുവദിച്ചതായി കണ്ടെത്തി. തുടർന്ന്  ഓഡിറ്റ് വകുപ്പ് ഈ ഫണ്ടുകൾ തടയാൻ നിർദേശിച്ചു.

നഗരസഭ നടപ്പാക്കുന്ന എല്ലാ പദ്ധതികളും രേഖകളും പരിശോധിച്ചു. ഫയലുകളിൽ ലൈസന്‍സ് നമ്പറുകളും ലൈസന്‍സിയുടെ പേരുകളും രേഖപ്പെടുത്താതെയുള്ള രസീത് വിവരങ്ങളാണുള്ളത്‌. മേലാധികാരികളുടെ സാക്ഷ്യപ്പെടുത്തൽ ഇല്ലാതെയാണ് രജിസ്റ്ററുകള്‍ സൂക്ഷിച്ചിട്ടുള്ളത്. മുമ്പുനടന്ന ഓഡിറ്റിൽ ഇത്തരം വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും വീണ്ടും ഇവ ആവർത്തിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top