കൊച്ചി
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രോത്സവത്തിലെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ദേവസ്വം ഓഫീസർ രഘുരാമനെതിരെ കോടതിയലക്ഷ്യ കേസെടുത്തു. രഘുരാമന്റെ വിശദീകരണവും മാപ്പപേക്ഷയും തള്ളിയ ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ രജിസ്ട്രിയോട് നിർദേശിച്ചു.
കോടതിയുത്തരവ് ബോധപൂർവം ലംഘിച്ചിട്ടില്ലെന്നും മഴ കനത്തപ്പോൾ ആനകളെ പന്തലിലേക്ക് മാറ്റുകയായിരുന്നുവെന്നും രഘുരാമൻ കോടതിയെ അറിയിച്ചിരുന്നു. ആചാരലംഘനത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് വിശ്വാസികൾ തനിക്കതിരെ തിരിഞ്ഞിട്ടും ഉത്തരവ് പാലിക്കാനാണ് ശ്രമിച്ചതെന്ന് വാദിച്ചെങ്കിലും ഹൈക്കോടതി തള്ളി.
വിശ്വാസികളെ പഴിചാരിയാണ് സത്യവാങ്മൂലമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ദേവസ്വം ഓഫീസർ മറ്റാരുടേയോ വക്താവായാണ് സംസാരിക്കുന്നതെന്നും പറഞ്ഞു. കോടതിയലക്ഷ്യനടപടിയിൽ മറുപടി സമർപ്പിക്കാൻ സമയം അനുവദിച്ചു. വിഷയം വീണ്ടും ജനുവരി ഒമ്പതിന് പരിഗണിക്കും.
അതേസമയം, ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗനിർദേശങ്ങൾ അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടി ക്ഷേത്രോത്സവ കമ്മിറ്റികളുടെയും ഉത്സവപ്രേമികളുടെയും കൂട്ടായ്മ ചീഫ് ജസ്റ്റിസിന് നിവേദനം നൽകിയിരുന്നു. ഹർജി പരിഗണിക്കുന്ന ബെഞ്ച് പുനഃസംഘടിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..