തൃശൂർ
തൃശൂർ എടിഎം കൊള്ളയ്‌ക്ക് പിന്നിൽ അന്തർസംസ്ഥാന കവർച്ചാസംഘം. ഇരുപതോളം ഗ്യാസ് കട്ടർ സംഘങ്ങൾ രാജ്യവ്യാപകമായി കൊള്ള നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തമിഴ്‌നാട് നാമക്കൽ എസ്‌പി രാജേഷ് കണ്ണന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് നിർണായക വിവരം ലഭിച്ചത്. ഹരിയാന, രാജസ്ഥാൻ, യുപി അതിർത്തിയോട് ചേർന്നുള്ള മേവാത്ത് മേഖലയിലുള്ളവരാണ് പ്രതികൾ. ഇവർക്ക് രാജ്യത്താകെ പ്രവർത്തന ശൃംഖലയുമുണ്ട്. ലോറി, ട്രക്ക്, കണ്ടെയ്‌നർ ഡ്രൈവർമാരും ഇതിൽ കണ്ണികളാണ്. ഇത്തരം ജോലികളുടെ മറവിലാണ് കവർച്ചയ്‌ക്കെത്തുന്നത്.
നാമക്കലിൽ പിടിയിലായ സംഘമാണ് മൂന്നുമാസംമുമ്പ് കൃഷ്ണഗിരിയിൽ എടിഎം കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പൊലീസ്. കൃഷ്ണഗിരി പൊലീസ് നാമക്കലിലെത്തി ചോദ്യംചെയ്തപ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, യുപി, ഒഡിഷ പൊലീസും ഇവരെ ചോദ്യംചെയ്തു. ഇവിടങ്ങളിൽ നടന്ന എടിഎം കവർച്ചാക്കേസിലെ പ്രതികളെക്കുറിച്ചും വിവരം ലഭിച്ചു. മധ്യപ്രദേശിൽ എടിഎം കവർച്ച നടത്തിയ മേവാത്തി സംഘത്തിലും ഇവരിൽ ചിലരുണ്ടായിരുന്നു.
മൂന്നുവർഷം മുമ്പ് കണ്ണൂരിൽ എടിഎം കൊള്ളയടിച്ച മേവാത്തി സംഘം ജയിൽ മോചിതരായിട്ടുണ്ട്. ഇവരുടെ ഇപ്പോഴത്തെ പ്രവർത്തനം പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശൂരിൽ എടിഎം കൊള്ളയടിക്കാൻ ഇവരിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളെത്തിയ കണ്ടെയ്‌നർ മുമ്പും കേരളത്തിൽവന്നിട്ടുണ്ട്.
കസ്റ്റഡി അപേക്ഷ ഇന്ന് നൽകും
എടിഎം കൊള്ളയടിച്ച കേസിലെ പ്രതികളെ കേരള പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി തിങ്കളാഴ്ച കുമാരപാളയം കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
കുറ്റകൃത്യം നടന്നത് കേരളത്തിലായതിനാൽ പ്രഥമ പരിഗണന ലഭിക്കും. പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം പൂർത്തിയാക്കിയതിനാൽ പ്രതികളെ വിട്ടുകിട്ടാൻ കാലതാമസമുണ്ടാകില്ല.
പ്രതികൾ കുറ്റം സമ്മതിച്ചെന്ന് നാമക്കൽ എസ്‌പി രാജേഷ് കണ്ണൻ പറഞ്ഞു. തൃശൂരിലെ മൂന്ന് എടിഎമ്മുകളിൽനിന്നായി കൊള്ളയടിച്ച 67.4 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം നടക്കുന്നത് കേരളത്തിന് പ്രതികളെ കൈമാറുന്നതിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇർഫാൻ, സാബിർ ഖാൻ, ഷക്കീൻ, മുഹമ്മദ് ഇഖ്രാം, മുബാറക് ആദം എന്നീ അഞ്ച് പ്രതികൾ സേലം സെന്റർ ജയിലിലും പരിക്കേറ്റ പ്രതി മുഹമ്മദ് ഹസ്രു കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..