22 December Sunday

തൃശുരിൽ നാലോണ നാളിൽ
 പുലികളിറങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തൃശൂർ > തൃശൂരിൽ നാലോണ നാളിൽ പുലികളി നടത്താൻ തീരുമാനമായി. കോർപറേഷൻ കൗൺസിലിനു മുമ്പ്‌ മേയറുടെ ചേംബറിൽ സ്ഥിരം സമിതി അധ്യക്ഷന്മാർ, പ്രതിപക്ഷ നേതാവ്‌, കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്ത സർവകക്ഷി യോഗത്തിലാണ്‌ തീരുമാനം. തുടർന്ന്‌ ചേർന്ന കൗൺസിലിൽ   പുലികളി നടത്തുമെന്ന്‌ മേയർ എം കെ വർഗീസ്‌ അറിയിച്ചു. വയനാടിലുണ്ടായത് മഹാദുരന്തമാണെങ്കിലും തൃശൂരിന്റെ തനത് കലാരൂപമായ പുലികളിയേയും കലാകാരന്മാരേയും സംരക്ഷിക്കേണ്ടത് കോർപറേഷന്റെ   കടമയാണെന്ന്‌ മേയർ പറഞ്ഞു.

ആർഭാടങ്ങൾ ഒഴിവാക്കി പുലികളിയും ഡിവിഷൻതല ഓണാഘോഷങ്ങളും നടത്താനും കുമ്മാട്ടി ധനസഹായം നൽകാനും കൗൺസിൽ ഐകകണ്‌ഠ്യേന  തീരുമാനിച്ചു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷം  ഓണാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്ന്‌ സർക്കാർ തീരുമാനിച്ചിരുന്നു. ആഗസ്‌ത്‌ ആറിന്‌ ചേർന്ന കോർപറേഷൻ കൗൺസിലിൽ പുലികളി ഒഴിവാക്കാൻ കോൺഗ്രസ്‌, ബിജെപി കൗൺസിലർമാരും  ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ പരിപാടി നടത്തേണ്ടെന്ന്‌  കോർപറേഷൻ  തീരുമാനിച്ചത്‌. വയനാടിനെ സഹായിക്കാൻ  അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറാനും തീരുമാനിച്ചു.

  ഓണത്തിനു മൂന്നുമാസം മുമ്പേ ടീമുകൾ പുലികളിക്കായുള്ള  ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. അവസാനഘട്ടത്തിൽ പുലികളി ഉപേക്ഷിച്ചാൽ വൻ ബാധ്യത ഉണ്ടാവുമെന്ന് സംഘങ്ങൾ  മേയറെ അറിയിച്ചു. ഇതേത്തുടർന്ന്‌ പുലികളി നടത്താനുള്ള സാധ്യത ആരാഞ്ഞ്‌ കോർപറേഷൻ സംസ്ഥാന സർക്കാരിന്‌ കത്ത്‌ നൽകി.പുലികളി നടത്തുന്നത്‌ സംബന്ധിച്ച് കോർപറേഷന് തീരുമാനിക്കാമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. പുലികളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി  അറിയിച്ചിരുന്നു. തുടർന്നാണ്‌ കൗൺസിൽ ചേർന്ന്‌ പുലികളി നടത്താൻ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top