22 December Sunday
കേന്ദ്ര സർക്കുലർ 
പിൻവലിക്കണം : ദേവസ്വങ്ങൾ

ഉത്സവങ്ങൾ പ്രതിസന്ധിയിൽ ; പെസോ സർക്കുലർ പ്രകാരം ഒരു വെടിക്കെട്ടും നടത്താനാവില്ല , നാട്ടാന പരിപാലന നിയമത്തിന്റെ കരട്‌ പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

തൃശൂർ
കേന്ദ്ര സർക്കാരിനുകീഴിലെ പെട്രോളിയം ആൻഡ്‌ എക്സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) പുതിയ മാനദണ്ഡപ്രകാരം കേരളത്തിലെ ഉത്സവങ്ങൾ പ്രതിസന്ധിയിലായതായി വിവിധ ദേവസ്വം ഭാരവാഹികൾ. പെസോയുടെയും നാട്ടാന പരിപാലന ചട്ടത്തിലെയും  പുതിയ മാനദണ്ഡംമൂലം വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നടത്താനാകാത്ത സ്ഥിതിയാണെന്ന്‌ ദേവസ്വം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആനയും വെടിക്കെട്ടും പൂരങ്ങളുടെയും ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണെന്ന്‌ പാറമേക്കാവ്‌ ദേവസ്വം സെക്രട്ടറി ജി രാജേഷ്‌ പറഞ്ഞു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന സർക്കുലർ പ്രകാരം കേരളത്തിൽ ഒരു വെടിക്കെട്ടും നടത്താനാകില്ല. ഇത്‌ പിൻവലിക്കണം.

2012ലെ നാട്ടാന പരിപാലന നിയമം മാറ്റി 2024ൽ പുതിയ കരട്‌ ഇറക്കിയിട്ടുണ്ട്‌. അതും ഉത്സവം നടത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്‌. കരട്‌ പിൻവലിക്കണം. ആന എഴുന്നള്ളിപ്പിനെതിരെ വിദേശഫണ്ട്‌ സ്വീകരിച്ച്‌ ചില എൻജിഒകൾ പ്രവർത്തിക്കുന്നുണ്ട്‌. ഈ സംഘടനകളുടെ യഥാർഥമുഖം പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളായി ക്ഷേത്ര ചടങ്ങുകളിൽ ആനയെ എഴുന്നള്ളിക്കാറുണ്ടെന്ന്‌ ആലുവ തന്ത്രവിദ്യാപീഠം വൈസ്‌ പ്രിൻസിപ്പൽ ശ്രീനിവാസൻ നമ്പൂതിരിപ്പാട്‌ പറഞ്ഞു. ഉത്സവങ്ങളിൽ ആനയുടെ കാൽ ചങ്ങല ഉപയോഗിച്ച്‌  ബന്ധിപ്പിക്കുന്നത്‌ ക്രൂരതയല്ല. 2012ലെ ചട്ടപ്രകാരം നിയമം പാലിക്കുന്നതിനാണ്‌. യാഥാർഥ്യം കോടതിയെ  ബോധ്യപ്പെടുത്തും.   കോടതി നിരീക്ഷണം പുനഃപരിശോധിക്കുമെന്ന്‌  പ്രതീക്ഷിക്കുന്നതായി തെച്ചിക്കോട്ടുകാവ്‌ ദേവസ്വം പ്രസിഡന്റ്‌  പി ബി ബിനോയ്‌ പറഞ്ഞു.  വാർത്താ സമ്മേളനത്തിൽ  തിരുവമ്പാടി ദേവസ്വം സെക്രട്ടറി  കെ ഗിരീഷ്‌കുമാർ, എ കെ സതീഷ്‌കുമാർ (ഉത്രാളിക്കാവ്‌), റെജി കുമാർ (ആറാട്ടുപുഴ) എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top