11 September Wednesday
വിശ്വമാനവികതയുടെ ഹൃദയതാളം

സംഭവം കളറാട്ടാ, ക്ലാസും

ജയരാജ്‌ വാര്യർUpdated: Sunday Apr 30, 2023

Photo Credit: Jayaraj Warrier facebook page

മേടമാസത്തിലെ നീലനിറമുളള ആകാശക്കുടയ്‌ക്കു താഴെ പൂരം നാളിൽ വിശ്വമാനവികതയുടെ  ഹൃദയതാളമായി തൃശൂർ പൂരം കൊട്ടിക്കയറും.   വേനലിൽ കത്തുന്ന സൂര്യനും ആകാശക്കുടയും നൽകുന്ന  സന്ദേശം ‘ഒരു ജാതി, ഒരു മതം, ഒരു മനുഷ്യൻ’. പൂരത്തിനെത്തുന്ന എല്ലാ മനുഷ്യർക്കും ഒരേ താളമാണ്‌.  ഒരേ ഹൃദയതാളമാണവിടെ മിടിക്കുന്നത്‌. മനുഷ്യൻ ലോകത്തിന്‌ നൽകുന്ന ബഹുസ്വരതയുടെ മേളനമാണ്‌ തൃശൂർ പൂരം.  പക്ഷേ, ഇമ്മ്‌ടെ തൃശൂർക്കാർ  ആറ്റിക്കുറുക്കി കാര്യം പറയും. പൂരാ.. സംഭവം കളറാട്ടാ..  ഒരു ജാതി ക്ലാസാട്ടാ...

ഒരു തവണയെങ്കിലും കാണണമെന്ന്‌ ഓരോ മലയാളിയും ആഗ്രഹിക്കുന്ന ഒരൊറ്റ ഉത്സവമേ  ഉള്ളൂ; അതാണ്‌   നമ്മുടെ   പൂരം. പൂരം നടക്കുന്ന മുപ്പത്തിയാറ്‌ മണിക്കൂറിൽ എല്ലാ ചേരിതിരിവുകളും മറക്കും.  എല്ലാ വലുപ്പച്ചെറുപ്പവും മറന്ന്‌ ഒന്നാകുന്നു.   മാനവകിതയുടെ  സന്ദേശമേകുന്ന  താവളമാണ്‌... മനുഷ്യർക്ക്‌ താവളവും  ആനകൾക്ക്‌ കാനനവുമാണിവിടം. തേക്കിൻകാട്‌  അന്ന്‌ ആനക്കാടാവും.

സംഗീതത്തിന്റെ മേളനംകൂടിയാണ്‌ പൂരം. ശബ്ദത്തിന്റെ ഹുങ്കാരമായി  വെടിക്കെട്ട്‌. നിറങ്ങളുടെ മോഹിനിയാട്ടമായി  കുടമാറ്റം.  മറ്റൊന്ന്‌ താളത്തിന്റെ മഹോത്സവമാണ്‌.   ചെണ്ടയിൽ ഉരുണ്ടു മറയുന്ന താളം ഇലഞ്ഞിത്തറയിൽ കേൾക്കാം, കൊമ്പിൽ കാഹളം മുഴക്കുന്ന താളം,  കുറുംകുഴലിൽ നൃത്തം ചെയ്യുന്ന താളം.  ഇനി  പഞ്ചവാദ്യത്തിലോ തിമിലയിൽ പിടയുന്ന താളം, മദ്ദളത്തിൽ  അമർന്ന്‌ ഉരുളുന്ന താളം, ഇടയ്ക്കയിൽ ഒരായിരം പ്രാവുകൾ   കുറുകുന്ന താളം.   ആനകളുടെ ചലനത്തിൽ കാണാം ഉലയുന്ന താളം, നെറ്റിപ്പട്ടത്തിന്റെ പൊന്നിൽ  വെയിലേറ്റുന്ന പൊള്ളുന്ന താളമാണ്‌, സ്വർണക്കോലത്തിൽ പൂമാലകൾ ഉരസുന്ന താളമാണ്‌, കുടകളിൽ നിറക്കൂട്ടം  വിടർത്തുന്ന താളം, വെഞ്ചാമരത്തിൽ പൂത്തിരി കത്തിച്ച താളമാണ്‌, ആലവട്ടത്തിൽ പീലികൾ കൺചിമ്മുന്ന താളം,    കുട്ടികൾ ഊതുന്ന പീപ്പിയിലെ  തുടങ്ങി ആകാശത്തിന്റെ ചെരുവിൽ ഉഗ്ര സ്‌ഫോടനം.     തെക്കേ ഗോപുര നടയിൽ  നിറങ്ങൾ പൂത്തുലയും.  താള, വാദ്യ, ശബ്ദദവർണങ്ങൾക്കൊപ്പം മനുഷ്യാരവം ഉയരും.  വലുപ്പച്ചെറുപ്പങ്ങളില്ലാതെ ഉയരുന്ന ആരവമാണ്‌  ഏറ്റവും വലിയ സംഗീതം മനുഷ്യൻ സംഗീത ഉപകരണമായി മാറുന്ന നിമിഷം.
 
രണ്ട്‌  തുല്യ പ്രബലശക്തികളായ  തിരുവമ്പാടിയും പാറമേക്കാവും  നേർക്കുനേർ മത്സരത്തിനൊപ്പം ഉത്സവം. തട്ടകങ്ങളിൽനിന്നുള്ള   എട്ടു ഘടകപൂരങ്ങളും വന്നെത്തും. പൂരത്തലേന്ന്‌ നെയ്‌തലക്കാവ്‌ വിഭാഗക്കാർ എത്തി തെക്കേഗോപുര നട തുറന്നു. പൂരദിവസം ആദ്യമെത്തുക   കണിമംഗലം. പിന്നെ,  പനമുക്കുംപിള്ളി, ചെമ്പൂക്കാവ്‌, കാരമുക്ക്‌, ലാലൂർ, ചൂരക്കോട്ടുകാവ്‌, അയ്യന്തോൾ, നെയ്‌തലക്കാവ്‌ എന്നീ ക്രമത്തിൽ പൂരങ്ങൾ വടക്കുന്നാഥക്ഷേത്രത്തിലെത്തി മടങ്ങും. തുടർന്ന്‌ പ്രധാന പൂരങ്ങളായ പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗങ്ങളെത്തും.  ഒരു പൂരം മറ്റൊന്നിന്‌ തടസ്സമല്ല.

ഒന്നരദിവസം നീളുന്ന  എല്ലാ ചടങ്ങുകളും കിറുകൃത്യം.   അത്തരത്തിലാണ്‌  പൂര ഡിസൈൻ.  ഓരോ പൂരവും   പുതിയതാണ്‌. അതുകൊണ്ടാണ്‌ പൂരം ക്ലാസിക്‌ പൂരമായത്‌. നിറപ്പകിട്ടിന്റെ പൂരമായതുകൊണ്ടാണ്‌ പൂരം കളറായത്‌. തെക്കേ ഗോപുരം കുടമാറ്റത്തിൽ  പിറന്നതാണ്‌ കളർ. ക്ലാസിക്‌ കലകളായ ഇലഞ്ഞിത്തറമേളവും പഞ്ചവാദ്യവും ചേർന്ന്‌ പൂരം ക്ലാസിക്കലായി. തൃശൂർ ഭാഷയിലെ കളറും ക്ലാസും പ്രയോഗം   പിറന്നതും പൂരത്തിൽനിന്നാണ്‌. പൂരത്തിൽ നിറങ്ങളുടെ സമന്വയം കണ്ടിട്ടാണ്‌ തൃശൂർക്കാരൻ പറഞ്ഞത്‌ ‘സംഭവം കളറാവൂട്ടാ...’.  എന്നാ പിന്നെ ഇമ്മ്‌ളും  അങ്ങ്‌ട്‌ ഇറങ്ങല്ലേ... പൂരപ്പറമ്പിലേക്ക്‌...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top