22 December Sunday

കേന്ദ്രത്തെ ന്യായീകരിച്ച്‌ ബിജെപി; 
പ്രതികരിക്കാതെ സുരേഷ്‌ ഗോപി

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2024


തൃശൂർ
പൂരം വെടിക്കെട്ട്‌ തകർക്കാനുള്ള  കേന്ദ്രസർക്കാരിന്റെ  നടപടിയെ ന്യായീകരിച്ച്‌ ബിജെപി ജില്ലാ നേതൃത്വം. പുറ്റിങ്ങൽ അപകടത്തിന്റെ  പശ്ചാത്തലത്തിൽ വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയ മാർഗനിർദേശമെന്ന്‌ പറഞ്ഞ്‌ പ്രശ്‌നം ലഘൂകരിക്കുകയാണ്‌ ബിജെപി. വെടിക്കെട്ട്‌  പ്രതിസന്ധി കത്തിക്കയറുമ്പോൾ  തൃശൂർ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ ഗോപി പ്രതികരിച്ചിട്ടില്ല. വിജ്ഞാപനം ഇറങ്ങും മുമ്പ്‌   അദ്ദേഹം ഇടപെട്ടിട്ടുമില്ല. വെടിക്കെട്ടുപുരയിൽനിന്ന്‌ 200 മീറ്റർ അകലെ ഫയർലൈൻ വേണമെന്ന പുതിയ കേന്ദ്ര നിബന്ധന വെടിക്കെട്ട്‌ തന്നെ ഇല്ലാതാക്കുന്നതാണെന്ന ആശങ്കയിലാണ്‌ പൂരപ്രേമികൾ.

സാധാരണയായി തൃശൂർ പൂരം സംബന്ധിച്ച പ്രതിസന്ധികളിൽ എംപിമാർ നേരിട്ടെത്തി ഇടപെടാറുണ്ട്‌. എന്നാൽ, തൃശൂരിൽ എംപി ഓഫീസ്‌ പോലും തുറന്നിട്ടില്ല. എംപിക്കുള്ള കത്തുകൾ ഡൽഹിയിലെ പെട്രോളിയം മന്ത്രാലയത്തിലേക്ക്‌ അയക്കേണ്ട ഗതികേടിലാണ്‌ ജനങ്ങൾ.

വെടിക്കെട്ട്‌, ആനയെഴുന്നള്ളിപ്പ്‌ എന്നിവയ്‌ക്ക്‌ കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന നിബന്ധനകൾ ഉത്സവങ്ങൾക്ക്‌ തടസ്സമാണ്‌. പലപ്പോഴും ഇളവുകളോടെ  നിബന്ധനകൾ  നടപ്പാക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണാധികാരികളും നിർബന്ധിക്കപ്പെടും.  അപ്പോഴെല്ലാം പൂരം തകർക്കുന്നുവെന്നാരോപിച്ച്‌ കലാപമുണ്ടാക്കി  രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്നവരാണ്‌ ബിജെപി നേതൃത്വം.

സർക്കാർ കേന്ദ്രമന്ത്രിക്ക്‌ കത്തയച്ചു
വെടിക്കെട്ട്‌: കേന്ദ്ര വിജ്ഞാപനം തിരുത്തണം
രാധനാലയങ്ങളിലെ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്ഫോടകവസ്തു നിയമഭേദഗതി വിജ്ഞാപനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വംമന്ത്രി വി എൻ വാസവൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി അനുസരിച്ച് വെടിക്കെട്ടുപുരയിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ ഫയർലൈൻ പാടുള്ളൂ.  2008ലെ വിജ്ഞാപനപ്രകാരം ഇത് 45 മീറ്ററായിരുന്നു.

പുതിയ ചട്ട ഭേദഗതിയിൽ കാണികളുടെ സ്ഥാനം ഇനിമുതൽ വെടിക്കെട്ട് സ്ഥലത്തിന്റെ 300 മീറ്റർ അകലെയായിരിക്കണം. ഈ ഉത്തരവനുസരിച്ച്‌  കേരളത്തിലെ ആരാധാനാലയങ്ങളിൽ വെടിക്കെട്ട് നടത്താനാകാത്ത സ്ഥിതിയാകും. ഇത് വിശ്വാസികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും. ലോക പ്രശസ്തമായ തൃശൂർ പൂരത്തിന്റെ ആകർഷണീയതകളിലൊന്ന് മണിക്കൂറുകൾ നീളുന്ന വെടിക്കെട്ടാണ്. അത് പൂർണമായും ഇല്ലാതാകും. പുതിയ ഭേദഗതി പാലിച്ചാൽ പൂരം വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും. ഉത്തരവാദപ്പെട്ട ദേവസ്വങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്‌.

സാമൂഹികാവസ്ഥ മനസിലാക്കാതെ അനാവശ്യവും യുക്തിരഹിതവും ആണ് നിലവിലെ തീരുമാനം. ഇതുസംബന്ധിച്ച് പ്രായോഗിക സമീപനം സ്വീകരിക്കണം. എല്ലാ ആചാരങ്ങളോടെയും ആഘോഷംനടത്താൻ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top