തൃശൂർ
പുലിയിറക്കത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ദേശങ്ങൾ. തിങ്കളാഴ്‌ച പുലിവരയ്ക്കുള്ള ചായങ്ങൾ തയ്യാറാക്കാൻ തുടങ്ങി. ദേശങ്ങളിൽ തിങ്കളാഴ്‌ച വൈകിട്ട് ചമയ പ്രദർശനം ആരംഭിച്ചു.
ബുധനാഴ്ച നടക്കുന്ന പുലികളിയിൽ കുട്ടിപ്പുലികൾ, വരയൻ പുലികൾ, പെൺപുലികൾ, പുള്ളിപ്പുലികൾ എന്നിങ്ങനെ വിവിധ പുലികൾ നഗരം കീഴടക്കും. പുലി മുഖത്തിന് പുറമെ ട്രൗസർ തയ്യാറാക്കൽ, പുലി വരയ്‌ക്കുള്ള കലാകാരന്മാരെയും മേളക്കാരെയും കണ്ടെത്തൽ, നിശ്ചല ദൃശ്യങ്ങൾ ഒരുക്കൽ തുടങ്ങിയവയും അവസാനഘട്ടത്തിലാണ്. കഴിഞ്ഞ തവണ അഞ്ച് സംഘങ്ങളായിരുന്നുവെങ്കിൽ ഇത്തവണ ഏഴായി. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. വൈകിട്ട് നാലിന് അതത് പ്രദേശങ്ങളിൽനിന്ന് പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. നടുവിലാൽ ഗണപതിക്ക് നാളികേരമുടച്ച് സ്വരാജ് റൗണ്ട് ചുറ്റും.
ധനസഹായവും സമ്മാനത്തുകയും കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കോർപറേഷൻ വർധിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന ഓരോ ടീമിനും ഇത്തവണ 3,12,500-രൂപ നൽകും. ഒന്നാം സമ്മാനം 62,500- രൂപയും രണ്ടാം സമ്മാനം 50,000-രൂപയും മൂന്നാം സമ്മാനം 43,750-രൂപയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..