തൃശൂർ> ദേ ഇമ്മ്‌ടെ തൃശൂര് ശക്തനില് ആകാശപ്പാത തുറന്നൂട്ടാ. നാല് ഭാഗത്തും ചവിട്ടുകളുണ്ട്‌ട്ടാ.. വയ്യാത്തവരുണ്ടെങ്കിൽ ലിഫ്‌റ്റുണ്ട് ... ചുറ്റും പൂരത്തിനെന്നപോലെ ദീപാലങ്കാരങ്ങൾ. പട്ടാളം റോഡ് കുരുക്കും പൊളിച്ചടുക്കിയതോടെ തെക്കേ ഗോപുരനടവരെ വർണക്കാഴ്‌ചകൾ കാണാം. എന്നാപ്പിന്നെ ഗഡീസ് ഒന്ന് കയറിയിറങ്ങല്ലേ. വെറുതെ വാഹനക്കുരുക്കിലൂടെ റോഡ് മുറിച്ച് കടന്ന് അപകടം വരുത്തണ്ടാട്ടാ...
സ്വാതന്ത്ര്യദിനത്തിൽ ആകാശമേൽപ്പാലം പട്ടികജാതി–-വർഗ ക്ഷേമ വികസന വകുപ്പു മന്ത്രി കെ രാധാകൃഷ്‌ണൻ നാടിന് സമർപ്പിച്ചു. ശക്തൻ ബസ് സ്‌റ്റാൻഡിൽ എട്ടു കോടി ചെലവിലാണ് കോർപറേഷൻ എൽഡിഎഫ് ഭരണസമിതി ആകാശമേൽപ്പാലം നിർമിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാതയാണിത്. അമൃത് പദ്ധതിയിലാണ് നിർമാണം. ഉദ്‌ഘാടനച്ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായി. ലിഫ്‌റ്റുകൾ പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
ഡെപ്യൂട്ടി മേയർ എം എൽ റോസി, സൂപ്രണ്ടിങ് എൻജിനിയർ ഷൈബി ജോർജ്, സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, പി കെ ഷാജൻ, ഷീബ ബാബു, സാറാമ്മ റോബ്‌സൺ, കൗൺസിലർ കരോളിൻ പെരിഞ്ചേരി, അർബൻ ഇൻഫ്രാസ്ട്രക്ച്ചർ വിദഗ്‌ധൻ എൻ രാഹുൽ, അസി. എൻജിനിയർ എം ജെ ജിൻസി, ഡിപിസി മെമ്പർ സി പി പോളി എന്നിവർ സംസാരിച്ചു. കണിമംഗലം തൈവ മക്കൾ നാടൻപാട്ട് അവതരിപ്പിച്ചു. ആയിരങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കേന്ദ്രസർക്കാരിന്റെ അംഗീകൃത ഏജൻസിയായ കിറ്റ്കോയാണ് മാതൃക തയ്യാറാക്കിയത്. നാല് ഭാഗങ്ങളിൽ നിന്നും കയറാവുന്ന വിധം ചവിട്ടുപടികൾ പൂർത്തിയായി. റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തിലാണ് പാലം. അതിനാൽ വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോവാം. മൂന്നുമീറ്റർ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീൽ കവചമുണ്ട്. രണ്ടാംഘട്ടമായി 2.55 കോടി ചെലവിൽ നാല് ലിഫ്‌റ്റുകളും ഇലക്‌ട്രിക്കൽ കെട്ടിടവും സെക്യൂരിറ്റി റൂമും നിർമിക്കാനാണ് പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..