05 December Thursday

ലോകത്തെ സമ്പന്നമാക്കിയത്‌ 
പൗരാണിക ഇന്ത്യൻ വ്യാപാരിസമൂഹം ; ടൈക്കോൺ കേരള 2024' 
സംരംഭക സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


കൊച്ചി
കേരളം നൂതനാശയങ്ങളുള്ള സംരംഭകർക്ക് വളക്കൂറുള്ള മണ്ണാണെന്നും ആഗോളവാണിജ്യമേഖലയിൽ നിര്‍ണായക സ്വാധീനമുണ്ടെന്നും ബ്രിട്ടീഷ് ചരിത്രകാരനും സാഹിത്യകാരനുമായ വില്യം ഡാൽറിമ്പിൾ പറഞ്ഞു. ആ​ഗോള സംരംഭക കൂട്ടായ്മ  ടൈയുടെ കേരളഘടകം വാർഷിക സംരംഭകസമ്മേളനം "ടൈകോൺ കേരള 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായമന്ത്രി പി രാജീവ് ഓണ്‍ലൈനായി പങ്കെടുത്തു.

സുസ്ഥിരവളർച്ചയ്ക്കും ആധുനികവൽക്കരണത്തിനും ഊന്നൽനൽകി കേരളത്തിന്റെ ഭാവിവികസന പദ്ധതികൾക്ക് രൂപംനൽകാനുള്ള ശ്രമമാണ് സമ്മേളനമെന്ന്‌ ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു. അറുപതിലധികം സംരംഭകരും നൂറിലധികം നിക്ഷേപകരും ഉള്‍പ്പെടെ ആയിരത്തിലധികം പേർ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌. "ടൈകോൺ കേരള 2024' ചെയർ വിവേക് കൃഷ്ണ ഗോവിന്ദ്, കെഎസ്‌ഐഡിസി ചെയർമാനും ടൈ കേരള സ്ഥാപക പ്രസിഡന്റുമായ സി ബാലഗോപാൽ, ടൈ രാജസ്ഥാൻ പ്രസിഡന്റ് ഡോ. ഷീനു ജാവർ, ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജയ് മേനോൻ, കേരള അസോസിയറ്റ് ഡയറക്ടർ ദിവ്യ തലക്കലാട്ട് എന്നിവരും സംസാരിച്ചു. "മിഷൻ 2030: ട്രാൻസ്ഫോർമിങ്‌ കേരള' വിഷയത്തിൽ പാനല്‍ ചര്‍ച്ചയ്ക്ക് സി ബാലഗോപാല്‍ നേതൃത്വം നല്‍കി. ഐബിഎസ് എക്‌സിക്യൂട്ടീവ് ചെയർമാന്‍ വി കെ മാത്യൂസ്, ഇസാഫ് എംഡി പോൾ തോമസ്, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ എന്നിവർ പങ്കെടുത്തു. മികച്ച സംരംഭകർക്കുള്ള "ടൈക്കോൺ കേരള' അവാർഡ് വിതരണത്തോടെ വ്യാഴാഴ്‌ച സമ്മേളനം സമാപിക്കും.

ലോകത്തെ സമ്പന്നമാക്കിയത്‌ 
പൗരാണിക ഇന്ത്യൻ വ്യാപാരിസമൂഹം
പൗരാണിക ഇന്ത്യയുടെ രാജ്യാന്തര വ്യാപാര, വാണിജ്യ ബന്ധങ്ങൾ ലോകത്തെ സ്വാധീനിച്ചത്‌ എങ്ങനെയെന്ന്‌ വിശദീകരിച്ച്‌ ബ്രിട്ടീഷ്‌ ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാൽറിമ്പിൾ. തന്റെ പുതിയ പുസ്‌തകം ഗോൾഡൻ റോഡ്‌ ആ സുവർണ ചരിത്രത്തിലേക്കുള്ള അന്വേഷണമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ആഗോള സംരംഭക കൂട്ടായ്‌മ ടൈയുടെ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വില്യം ഡാൽറിമ്പിൾ.

ഇന്ത്യൻഭാഷകളും സംസ്‌കാരവും തത്വചിന്തകളും മതവും ലോകമാകെ പ്രചാരിപ്പിക്കുന്നതിൽ പൗരാണിക ഇന്ത്യൻവ്യാപാരി, വാണിജ്യസമൂഹം വലിയപങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ബുദ്ധമതമായിരുന്നുവെന്നത്‌ അത്ഭുതകരമാണ്‌. കുരുമുളകും ആനക്കൊമ്പും വസ്‌ത്രങ്ങളുമൊക്കെ ലോകമാകെ എത്തിച്ച അവർ കണക്കറ്റ വിദേശസമ്പത്ത്‌ വാരിക്കൂട്ടുകയും ചെയ്‌തു. അതോടൊപ്പമാണ്‌ ബുദ്ധമതത്തെയും കടൽകടത്തിയത്‌. മധ്യേഷ്യയിലെ വ്യാപാരവഴികളിലെല്ലാം ഇവർ പണം ചെലവഴിച്ച്‌ പടുത്തുയർത്തിയ ബുദ്ധവിഹാരങ്ങൾ കാണാം. ബിസി 250ൽ റോമാസാമ്രാജ്യവുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്ന പ്രധാന ഇന്ത്യൻപ്രദേശങ്ങൾ കേരളവും തമിഴ്‌നാടുമായിരുന്നു. റോമാസാമ്രാജ്യം അനുഭവിച്ച ആഡംബരങ്ങളുടെയെല്ലാം അവകാശി ഇന്ത്യൻ വ്യാപാരസമൂഹമാണെന്നും വില്യം ഡാൽറിമ്പിൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top