21 November Thursday

കെണിയിലാക്കാനുള്ള ശ്രമം തുടരുന്നു; കൂടിനടുത്തുപോലുമെത്താതെ കടുവാകുടുംബം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കൽപ്പറ്റ> ചുണ്ടേൽ ആനപ്പാറയിൽ തമ്പടിച്ച കടുവാ കുടുംബത്തെ കെണിയിലാക്കാനുള്ള ശ്രമം നാല്‌ ദിവസം പിന്നിടുമ്പോഴും കടുവകൾ അകലത്തുതന്നെ.  അതേസമയം പ്രദേശത്തിനടുത്തുള്ള മസ്‌ട്രോൾ ഭാഗത്ത്‌ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. 28നാണ്‌ ഭീമൻ കൂടായ വാക്‌ ത്രൂ കേജ്‌  വച്ച്‌ "ഓപ്പറേഷൻ റോയൽ സ്‌ട്രൈപ്‌സ്‌' എന്ന പേരിൽ ദൗത്യം ആരംഭിച്ചത്‌.

മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞാകണം കൂട്ടിനടുത്തേക്ക്‌ വരുന്നില്ല. എങ്കിലും കൂട്‌ വച്ചതിന്റെ ഒരു കിലോമീറ്റർ പരിധിയിൽത്തന്നെ കടുവയുടെ സാന്നിധ്യം തെളിഞ്ഞിട്ടുണ്ടെന്ന്‌ വനം വകുപ്പ്‌ അധികൃതർ പറഞ്ഞു. രണ്ട്‌ ദിവസങ്ങളായി ചെറിയ ദൂരങ്ങളിലായി കടുവകൾ നീങ്ങുന്നുണ്ട്‌. വ്യാഴാഴ്‌ച വേങ്ങാകോട്‌ പ്രദേശത്ത്‌ നീങ്ങിയ കടുവ തിരിച്ച്‌ ആനപ്പാറയിലേക്കുതന്നെ നീങ്ങുന്നതായാണ്‌ മനസ്സിലാക്കുന്നത്‌. ഇവിടെ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്‌.  കുട്ടികളടക്കം നാല്‌ കടുവകളെ കൂടുവച്ച്‌ ഒരുമിച്ച്‌ പിടികൂടാനുള്ള ശ്രമമാണ്‌ പുരോഗമിക്കുന്നത്‌.  തള്ളക്കടുവയെയും കുട്ടികളെയും ഒരുമിച്ച്‌ കൂട്ടിലാക്കുക എന്നതാണ്‌ ലക്ഷ്യം. 

മൈസൂരുവിൽനിന്ന്‌ കൊണ്ടുവന്ന വലിയ കൂടിനടുത്തായി  വയനാട്‌ വന്യജീവി സങ്കേതത്തിൽനിന്ന്‌ കൊണ്ടുവന്ന ചെറിയ കൂടും സ്ഥാപിച്ചിട്ടുണ്ട്‌.  കടുവ ഭക്ഷിച്ച  പശുക്കളുടെ ജഡവും കുട്ടിൽ വച്ചിട്ടുണ്ട്‌. ചെറിയ കൂട്ടിൽ തള്ളക്കടുവ ആദ്യം വീണാൽ ഈ കൂട്‌ വലിയ കൂട്ടിലേക്ക്‌ മാറ്റും.  തള്ളക്കടുവ കൂട്ടിലായാൽ  കുട്ടികളും കൂട്ടിലെത്തുമെന്നാണ്‌  അധികൃതർ പ്രതീക്ഷിക്കുന്നത്‌. വനം വകുപ്പ്‌ ഉദ്യോഗസ്ഥരും മയക്കുവെടി വിദഗ്‌ധരും മൈസൂരുവിൽനിന്നെത്തിയ ആറംഗ ലിയോപാട്‌ ടാസ്‌ക്‌ ഫോഴ്‌സും സ്ഥിതിഗതി സസൂക്ഷ്‌മം വിലയിരുത്തുന്നുണ്ട്‌. പ്രദേശത്തെ എച്ച്‌എംഎൽ പ്ലാന്റേഷനിൽ താൽക്കാലിക ബേസ്‌ ക്യാമ്പും ഒരുക്കിയിട്ടുണ്ട്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top