കൊച്ചി
‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്. തൊഴിലാളികളും ജീവനക്കാരും വിദ്യാർഥികളും വഴിവാണിഭക്കാരും ഒക്കെ. ഭക്ഷണം വിളമ്പിയ പാത്രങ്ങൾ വേഗത്തിൽ മേശയിൽ നിരക്കുന്നു. ഇരിക്കാൻ ഇടംകിട്ടാത്തവർ നിന്നുകഴിക്കുന്നു, സ്വാദും മേന്മയും സമം ചേർത്ത സമൃദ്ധിയുടെ പെരുമ. തിരക്കൊഴിഞ്ഞ ഒരുനിമിഷംപോലുമില്ല മഹാനഗരത്തിന്റെ സ്വന്തം ഊട്ടുപുരയിൽ. ആളും അടുപ്പും ഒഴിയാത്ത മൂന്നുവർഷം പിന്നിട്ട് നാലാംവയസ്സിലേക്ക് കടക്കുകയാണ് കൊച്ചിയുടെ സമൃദ്ധി @ കൊച്ചി.
തിങ്കളാഴ്‌ച സമൃദ്ധിക്ക് മൂന്ന് വയസ്സ് പൂർത്തിയാകും. വിശക്കുന്നവന് കുറഞ്ഞ നിരക്കിൽ ഭക്ഷണം വിളമ്പിയ 1095 ദിനങ്ങൾ. ഇതുവരെ നൽകിയത് 23.85 ലക്ഷം ഊണ്. 2021 ഒക്ടോബർ ഏഴിനാണ് പരമാര റോഡിൽ കൊച്ചി കോർപറേഷന്റെ സംരംഭമായി "സമൃദ്ധി'യുടെ തുടക്കം. നഗരത്തിൽ ഒരാൾപോലും വിശന്നിരിക്കരുതെന്ന ലക്ഷ്യവുമായി ഉച്ചയൂണ് വിളമ്പിത്തുടങ്ങിയ സംരംഭം ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
ദിവസവും ഭക്ഷണം കഴിക്കാനെത്തുന്നത് ശരാശരി 6000 പേർ.
ഊണിനുപുറമെ മറ്റ് വിഭവങ്ങളും വന്നതോടെ സമൃദ്ധിയുടെ ജനപ്രീതിയേറി. ബിരിയാണി, നെയ്‌ച്ചോറ്, നൂഡിൽസ്, അൽഫാം, ഫ്രൈഡ് റൈസ്, മന്തി, ചപ്പാത്തി, കൊത്തുപൊറോട്ട, കഞ്ഞി, ഇഡ്ഡലി, ദോശ, ചില്ലി ചിക്കൻ, ചില്ലി ഗോപി, ചില്ലി ബീഫ്, മീൻകറി, മീൻ പൊരിച്ചത്... അങ്ങനെപോകുന്നു മെനു. കുറഞ്ഞ നിരക്കുമാത്രമല്ല സമൃദ്ധിയുടെ ആകർഷണം. ഗുണനിലവാരമുള്ള നല്ലഭക്ഷണവും വൃത്തിയും ഗ്യാരന്റി. 20 രൂപയാണ് ഊണിന്. ആദ്യം പത്തായിരുന്നു. സബ്‌സിഡി പിന്തുണയിൽ തുടങ്ങിയ സമൃദ്ധിയിപ്പോൾ സ്വയംപര്യാപ്‌തതയിലേക്ക്. 14 കുടുംബശ്രീ പ്രവർത്തകരുമായിട്ടായിരുന്നു തുടക്കം. സമൃദ്ധി വളർന്നപ്പോൾ ജീവനക്കാരുടെ എണ്ണം 98 ആയി. നാല് ഷിഫ്‌റ്റുകളിലാണ് ജോലി. സാധനങ്ങൾ വാങ്ങുന്നതും പാചകം ചെയ്യുന്നതും വിളമ്പുന്നതുമെല്ലാം വനിതകൾ.
ജീവനാണ്, ജീവിതമാണ്
വീടിനേക്കാൾ അടുപ്പമാണിപ്പോൾ സമൃദ്ധിയോടെന്ന് ജീവനക്കാർ. കോർപറേഷൻ നല്ല പിന്തുണ നൽകുന്നു. സമൃദ്ധിയിൽ വന്നതോടെ ജീവിതം മാറി. വീട്ടാവശ്യങ്ങൾ, മക്കളുടെ പഠനച്ചെലവ് എന്നിവയെല്ലാം നിർവഹിക്കാൻ താങ്ങാണ് ഈ സംരംഭം. ഇവിടെയെത്തുന്നരെ നിറഞ്ഞ മനസ്സോടെയാണ് ഞങ്ങൾ സ്വീകരിക്കുന്നത്. അവരും സന്തോഷത്തോടെയാണ് മടങ്ങുന്നത്–-- ജീനയും വിജിയും ഉൾപ്പെടെയുള്ള ജീവനക്കാർ പറഞ്ഞു.
എന്റെ നാട്ടിലും
ഉണ്ടായിരുന്നെങ്കിൽ
തന്റെ നാട്ടിലും സമൃദ്ധിപോലൊന്ന് ഉണ്ടായിരുന്നെങ്കിലെന്നാണ് സമൃദ്ധി ഊണ് കഴിച്ചിറങ്ങിയ മലപ്പുറം സ്വദേശിയും സൈബർ സെക്യൂരിറ്റി വിദ്യാർഥിയുമായ ജോബിൻ പറഞ്ഞത്. കൊച്ചിയിൽ വന്നശേഷം സമൃദ്ധിയിലാണ് ഉച്ചയൂണ്. വിദ്യാർഥികൾക്കുമാത്രമല്ല, എല്ലാവർക്കും ഗുണകരമാണിത്. കൊച്ചിയിൽ 20 രൂപയ്‌ക്ക് ഊണ് കിട്ടുന്നത് അത്ര ചെറിയ കാര്യമല്ല. വിലക്കുറവ് ഭക്ഷണത്തിന്റെ ക്വാളിറ്റിയെ ബാധിക്കുന്നുമില്ല–- ജോബിൻ പറഞ്ഞു. സമൃദ്ധി മൂന്നാം വാർഷികാഘോഷം വൈകിട്ട് 5.30ന് ബിപിസിഎൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ ഉദ്‌ഘാടനം ചെയ്യും. സെൽഫ്‌ബില്ലിങ് കിയോസ്‌ക് ഉദ്‌ഘാടനം മേയർ എം അനിൽകുമാർ നിർവഹിക്കും. തുടർന്ന് കലാസന്ധ്യ അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..