23 December Monday

പഠനത്തിൽ തങ്കമ്മ ടീനേജ്‌

ടി വി ബിജുUpdated: Sunday Sep 8, 2024

തലയോലപ്പറമ്പ്‌ > വയസ്‌ എൺപതായെങ്കിലും പഠിക്കാൻ മടിയേതുമില്ല തങ്കമ്മയ്ക്ക്‌. കൂടുതൽ ആവേശത്തോടെ പുതിയ അറിവുകൾ സ്വന്തമാക്കുകയാണ്‌ ഈ അമ്മ. സാക്ഷരതാമിഷന്റെ നാലാംതരം തുല്യതാ പരീക്ഷ പൂർത്തീകരിച്ചാണ്‌ വടയാർ പഴമ്പട്ടിയിൽ ഈരേത്തറ തങ്കമ്മ നാടിനാകെ മാതൃകയാകുന്നത്‌. ആഗസ്ത്‌ 27ന്‌ നടന്ന നാലാം തരം തുല്യതാ പരീക്ഷയിൽ കോട്ടയം ജില്ലയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ തങ്കമ്മയ്‌ക്കാണ്‌ ഏറ്റവും പ്രായക്കൂടുതൽ. ഫലം വന്നില്ലെങ്കിലും ഇവർ വിജയം ഉറപ്പിക്കുന്നു. കർഷകത്തൊഴിലാളി സമരത്തിന്റ പേരിൽ 1971- ൽ രക്തസാക്ഷിത്വം വരിച്ച വടയാർ തങ്കപ്പന്റെ ഭാര്യയാണ് തങ്കമ്മ.

സ്കൂളിൽ പോകാനോ അക്ഷരമഭ്യസിക്കാനോ സാധ്യതയില്ലാതിരുന്ന കാലത്ത്‌ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാൻ കർഷകത്തൊഴിലാളിയായി മാറിയ തങ്കമ്മയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ഏഴാം തരവും പത്താംതരവും പൂർത്തിയാക്കണമെന്ന ദൃഢനിശ്ചയത്തിലാണിപ്പോൾ. 1988ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി അക്ഷരാഭ്യാസം ചെയ്യാനായെങ്കിലും തുടർ പഠനം സാധ്യമായില്ല.

വടയാർ പഴമ്പട്ടിയിൽ രജിസ്റ്റർ ചെയ്ത നാല് പേർക്ക്‌ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഇൻസ്ട്രെക്ടർമാരായ ശാലിനി സുനിലും ജയശ്രീയുമായിരുന്നു പരിശീലകർ. മൂന്നു മക്കളോടും പേരമക്കളോടുമൊപ്പം ജീവിതം നയിക്കുമ്പോഴും അക്ഷരങ്ങളോടുള്ള അടങ്ങാത്ത ആവേശം വിടാൻ തങ്കമ്മ ഒരുക്കമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top