26 December Thursday

മുനമ്പം വിഷയം; മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച അനുകൂലമെന്ന്‌ സമരസമിതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

തിരുവനന്തപുരം > മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച അനുകൂലമെന്ന് സമരസമിതി. തർക്കം രമ്യമായി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രശ്നങ്ങൾ മൂന്നു മാസത്തിനകം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു. വിഷയ പരിഹാരത്തിന്റെ ഭാഗമായി ജുഡീഷ്യൽ കമ്മീഷനുമായി സഹകരിക്കാൻ തങ്ങൾ തയാറാണെന്നും കമ്മീഷൻ രൂപരേഖയുടെ സ്വഭാവമറിയാൻ ശ്രമിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

ചർച്ചയിൽ റവന്യു മന്ത്രി കെ രാജൻ, നിയമ മന്ത്രി പി രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എന്‍ എസ് കെ‍ ഉമേഷ് എന്നിവരും വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ,  മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ ( എസ്എൻഡിപി ), പി ജെ ജോസഫ് (പ്രദേശവാസി) എന്നിവരും പങ്കെടുത്തു.

മുനമ്പത്തെ 600 ഓളം കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ ആയിരുന്നു പ്രശ്നം ഉടലെടുത്തതും സമരം ആരംഭിച്ചു.

ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി  ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ്  സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി  നിയോ​ഗിക്കാൻ തീരുമാനിച്ചു.

നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ്  അംഗീകരിച്ചു. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top