ഇടുക്കി > ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമാകുന്നു. കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകി കൊണ്ട് ഒക്ടോബർ 28ന് തൊട്ടിയാർ ജലവൈദ്യുത പദ്ധതി പ്രവർത്തനമാരംഭിക്കുമെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
2009ലാണ് 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 മില്യൺ യൂണിറ്റ് ഉത്പാദന ശേഷിയുമുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി നിര്‍മ്മാണം തുടങ്ങിയത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം നിര്‍ത്തി വെക്കേണ്ടി വരികയായിരുന്നു. പിന്നീട് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ത്വരിതഗതിയിലായത്. സർക്കാർ ഉത്തരവ് പ്രകാരം 2018 ല്‍ നിര്‍മ്മാണം പുനരാരംഭിക്കുവാനായി റീടെൻഡർ ചെയ്യാൻ തീരുമാനിക്കുകയും പദ്ധതി കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിനായുള്ള നടപടികളെടുത്തു.
തൊട്ടിയാർ ജലവൈദ്യുത പദ്ധതിയിൽ 30 മെഗാവാട്ട്, 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണുള്ളത്. ഇതില്‍ 10 മെഗാവാട്ടിന്റെ ജനറേറ്റര്‍ ഇക്കഴിഞ്ഞ ജൂലൈ 10 മുതലും 30 മെഗാവാട്ടിന്റെ ജനറേറ്റര്‍ സെപ്തംബർ 30 മുതലും ഗ്രിഡുമായി ബന്ധിപ്പിച്ചുകൊണ്ട് പൂർണ്ണ ശേഷിയിൽ പ്രവൃത്തിച്ചുവരുന്നുണ്ട്. ഊർജമേഖലയിൽ സ്വയംപര്യാപ്തത നേടിയെടുക്കാനുള്ള പരിശ്രമങ്ങൾക്കിടെയുള്ള വലിയ ചുവടുവെപ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..