17 September Tuesday

വിദ്യാർഥികൾക്ക്‌ അവസരങ്ങളുടെ "വിനോദസഞ്ചാരം'

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

കൊച്ചി
യാത്രയോടുള്ള യുവതയുടെ താൽപ്പര്യം ടൂറിസം വികസനത്തിന്‌ പ്രയോജനപ്പെടുത്താൻ വിനോദസഞ്ചാരവകുപ്പ്‌. കോളേജുകളിൽ ആരംഭിക്കുന്ന ടൂറിസം ക്ലബ്ബുകൾവഴിയാണിത്‌ നടപ്പാക്കുക. വിനോദസഞ്ചാരമേഖലയിൽ വിദ്യാർഥികളുടെ സജീവപങ്കാളിത്തം ഉറപ്പാക്കി വികസനസാധ്യതകളിലേക്ക്‌ യുവതയെ ആകർഷിക്കുക, മേഖലയിൽ വിദ്യാർഥിക്കുള്ള അറിവും തൊഴിൽനൈപുണിയും വളർത്തുക, പുത്തൻ തൊഴിൽ-–-സംരംഭകത്വ സാധ്യതകൾ സൃഷ്ടിക്കുക തുടങ്ങിയവയാണ്‌ ടൂറിസം ക്ലബ്ബുകളുടെ ലക്ഷ്യം.


ജില്ലയിൽ ഇതുവരെ 31 കോളേജുകളിൽ ടൂറിസം ക്ലബ്ബുകൾ ആരംഭിച്ചു. അധ്യാപക കോ–-ഓർഡിനേറ്ററും വിദ്യാർഥി കോ–-ഓർഡിനേറ്ററുമാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. ജില്ല–-സംസ്ഥാന കോ–-ഓർഡിനേറ്റർമാരും പ്രവർത്തനം വിലയിരുത്തും. ക്ലബ് അംഗങ്ങളാകുന്ന വിദ്യാർഥികൾക്ക്‌ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പരിപാലനത്തിലും പ്രചാരണത്തിലും ഉൾപ്പെടെ ഇടപെടാൻ അവസരമൊരുക്കും. കേരള ടൂറിസത്തിന്റെ യുവ അംബാസഡർമാരായി വിദ്യാർഥികൾ മാറും. വിദ്യാർഥികൾക്കിടയിൽനിന്ന്‌ ഭാവിയിലെ ടൂറിസം പ്രൊഫഷണലുകളെ കണ്ടെത്താനും ക്ലബ്ബുകൾവഴി ശ്രമിക്കും. സമൂഹമാധ്യമങ്ങളിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിന്‌ സഹായിക്കാൻ ഇവർക്കാകും. വിദ്യാർഥി ബ്ലോഗർമാർക്കും അവസരം നൽകും. പാർട്ട്‌ടൈമായും മേഖലയിൽ പ്രവർത്തിക്കാനാകും.


ഡിടിപിസിയുടെ നേതൃത്വത്തിൽ ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ വിദ്യാർഥികളെ ഭാഗമാക്കുമെന്ന്‌ പദ്ധതിയുടെ സംസ്ഥാന കോ–-ഓർഡിനേറ്റർ വിജീഷ്‌ വിജയൻ പറഞ്ഞു. എറണാകുളത്ത്‌ നടന്ന ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌, ക്രിസ്‌മസ്‌–-പുതുവത്സര ആഘോഷം തുടങ്ങിയവയിലും മറ്റിടങ്ങളിൽ നടന്ന ഇന്തോ–-റഷ്യൻ ട്രാവൽ ആൻഡ്‌ ടൂറിസം ഫെയർ, ഗ്ലോബൽ റെസ്‌പോൺസിബിൾ ടൂറിസം സമ്മിറ്റ്‌ തുടങ്ങിയവയിലുമെല്ലാം ടൂറിസം ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ പങ്കാളികളായിരുന്നു. ഇതിൽ പന്ത്രണ്ടിലധികംപേർക്ക്‌ പരിപാടികളിൽ ഭാഗമായ കമ്പനികളിൽ ജോലി ഉറപ്പായതായും വിജീഷ്‌ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top