തിരുവനന്തപുരം> ടൂറിസം മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) ഡിജിറ്റൽ സർവകലാശാലയും കൈകോർക്കും. ടൂറിസം മേഖലയിലെ വിദ്യാർഥികൾ, വ്യവസായ ലോകത്തെ പ്രൊഫഷണലുകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ആധുനിക സാങ്കേതികവിദ്യയിൽ പരിജ്ഞാനം നൽകുകയാണ് ലക്ഷ്യം. കിറ്റ്സിന്റെ ചെയർമാൻ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ധാരണപത്രം കൈമാറി.
കിറ്റ്സ് ഡയറക്ടർ ഡോ. എം ആർ ദിലീപും ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ പ്രൊഫ. മുജീബുമാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. ടൂറിസം മേഖലയിലെ ഡിജിറ്റൽ വൽക്കരണം ദ്രുതഗതിയിൽ നടക്കുന്ന സാഹചര്യത്തിൽ ഈ സഹകരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. യാത്ര ബുക്ക് ചെയ്യുന്നതുമുതൽ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ആധുനിക സാങ്കേതികവിദ്യയാണ് സഞ്ചാരികൾ ഉപയോഗപ്പെടുത്തുന്നത്. അതിനാൽ മാറിമാറിവരുന്ന സാങ്കേതിക വിദ്യയ്ക്കുള്ള പരിജ്ഞാനം മത്സരാധിഷ്ഠിത വിപണിയിൽ മേൽക്കൈ നേടാൻ സംസ്ഥാനത്തെ ടൂറിസം സംരംഭങ്ങളെ സഹായിക്കും. നിർമിത ബുദ്ധി (എഐ), സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റൽ-സോഷ്യൽ മീഡിയ മാർക്കറ്റിങ്, മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ വിഷയങ്ങളിലാകും പരീശീലനം.
കിറ്റ്സിലെ വിദ്യാർഥികൾക്ക് ഇതുവഴി അധിക ഡിപ്ലോമ ലഭിക്കും. ഡിജിറ്റൽ ടെക്നോളജിയിലുള്ള അധികപരിജ്ഞാനം മെച്ചപ്പെട്ട ജോലികൾ ലഭിക്കുന്നതിനും സഹായകരമാകും. ടൂറിസം പ്രൊഫഷണലുകൾക്കാകട്ടെ കൂടുതൽ മെച്ചമായി ഡിജിറ്റൽ മാർക്കറ്റിങ് നടത്താനും ഭരണപരമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സാധിക്കും. കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കിറ്റ്സ് പ്രിൻസിപ്പൽ ഡോ. ബി രാജേന്ദ്രൻ, കോ- ഓർഡിനേറ്റർ ഡോ. ഹരി കൃഷ്ണൻ, ഡിജിറ്റൽ സർവകലാശാല അധ്യാപകരായ പ്രൊഫ. സന്തോഷ് കുറുപ്പ്, ഡോ. സിനി വി പിള്ള തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..