08 September Sunday

മനംനിറയ്ക്കും പട്ടാഴിയിലെ പാറക്കൂട്ടങ്ങൾ

എ ബി അൻസർUpdated: Saturday Jul 20, 2024

പത്തനാപുരം > നയനമനോഹര കാഴ്ചകളുമായി തല ഉയർത്തി നിൽക്കുന്ന പാറക്കൂട്ടം... സാഹസികത ഇഷ്ടപ്പെടുന്നവരെയും കുടുംബസമേതം ഉല്ലസിക്കാനെത്തുന്നവരെയും ഒരേപോലെ ത്രസിപ്പിക്കുന്ന പ്രകൃതിഭം​ഗി... കിഴക്കൻ മേഖലയുടെ വിസ്മയക്കാഴ്ചകളിൽ പട്ടാഴിയുടെ പാറക്കൂട്ടങ്ങളുടെ തലയെടുപ്പ് ഒന്നു വേറെതന്നെ. പുലിച്ചാണി പാറ, ഉളക്കപ്പാറമല, കുളപ്പാറ മല, കാട്ടാമല പാറ, പുലിക്കുന്നുമല, മൊട്ടപ്പാറ എന്നിങ്ങനെ അടുത്തടുത്തുള്ള മലകളിലായി കിടക്കുന്ന പാറക്കൂട്ടങ്ങൾ കാണാനെത്തുവർ തിരികെ പോകുന്നത് മനസ് നിറഞ്ഞ് മാത്രം. പാറക്കൂട്ടങ്ങൾക്കിടയിലൂടെ നുരഞ്ഞ് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും കൂട്ടത്തോടെയെത്തി പീലിവിടർത്തിയാടുന്ന മയിലുകളും ആരെയാണ് മോഹിപ്പിക്കാത്തത്.  

പാറകളുടെ ആകൃതിയും വലിപ്പവും അനുസരിച്ചാണ് ഓരോന്നിനും പേരുകൾ. ഉളക്കപ്പാറമല കണ്ടാൽ കൊച്ചു കൊച്ചു പാറകൾ ചേർന്നൊരു ഗ്രാമം പോലെ തോന്നിക്കും. വർഷങ്ങൾക്കു മുമ്പ് പുലികളുടെ വിഹാരകേന്ദ്രമായിരുന്നുവത്രെ പുലിക്കുന്നുപാറ. മലയുടെ അങ്ങിങ്ങായി കാണുന്ന ഗുഹകൾക്ക് സമാനമായ ഭാഗങ്ങൾ ഇതിനു തെളിവാണ് പോലും. വിവിധ ഇനത്തിലുള്ള ഔഷധസസ്യങ്ങളുടെ കലവറകൂടിയാണിവിടം. പാറകളുടെ മുകളിലെ വറ്റാത്ത കുളങ്ങളും നീരുറവകളും കൊടും വേനലിലും പ്രദേശവാസികളുടെ ആശ്രയമാണ്.



വിദൂരക്കാഴ്ച ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഹൃദ്യമാണിവിടം. പത്തനാപുരം, അടൂർ താലൂക്കുകളുടെ ഒട്ടുമിക്ക പ്രദേശങ്ങളും പാറകളുടെ മുകളിൽനിന്നാൽ ദൂരെ കാണാം. മലയടിവാരത്തിലെ പച്ചപ്പും സഞ്ചാരികളുടെ മനം നിറയ്ക്കും.

വിനോദസഞ്ചാര സാധ്യതകളേറെയാണ് ഈ പാറക്കൂട്ടങ്ങൾക്ക്. നിരവധി ആളുകൾ ദിവസവും ഇങ്ങോട്ടെത്താറുണ്ട്. പാറക്കൂട്ടങ്ങളെ ബന്ധിപ്പിച്ച്‌ റോപ്‌വേ സ്ഥാപിച്ചും ഇവിടേക്കുള്ള വഴികൾ ഗതാഗതയോഗ്യമാക്കിയും കൂടുതൽ ആളുകളെ ആകർഷിക്കാനാകും. റോക്ക് ടൂറിസം സാധ്യതകൾ സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനായി നാട്ടുകാർ പ്രെമോഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top