23 December Monday

കേരള ഗവർണർക്ക്‌ ഭരണഘടനയുടെ കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ല: ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

തിരുവനന്തപുരം> കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനയുടെ കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ. ഭരണഘടനയുടെ അടിസ്ഥാന കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ നടപടി. മന്ത്രിസഭയുടെ ഉപദേശത്തിനും, ശുപാർശകൾക്കനുസരിച്ച്‌ പ്രവർത്തിക്കുകയും, ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കിൽ പ്രസിഡന്റിന്‌ അയച്ച്‌ സംശയനിവാരണം നടത്തുകയുമാണ്‌ ചെയ്യേണ്ടത്‌.

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ അറിയാതെ നേരിട്ട്‌ വിളിക്കാനോ, അന്വേഷിക്കാനോ ഉള്ള യാതൊരു അവകാശവും ഗവർണർക്കില്ല. ഭരണഘടനാപരമായ ഈ കാഴ്‌ചപ്പാടുകളെ കാറ്റിൽപ്പറത്തിക്കൊണ്ടാണ്‌ ഗവർണർ പ്രവർത്തിക്കുന്നത്‌. ഗവർണറുടെ കാലാവധി സെപ്‌തംബർ ആറിന് പൂർത്തിയായതാണ്‌. പുതിയ ഗവർണർ വരുന്നതുവരെ തുടരാമെന്ന ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും  ടി പി രാമകൃഷ്ണൻ പറഞ്ഞു.

വയനാട്‌ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരേയും, മാധ്യമങ്ങൾ കാണിക്കുന്ന തെറ്റായ സമീപനങ്ങൾക്കെതിരേയും കോടതി പുറപ്പെടുവിച്ച പ്രസ്‌താവനകൾ പോലും വാർത്തയാക്കാത്ത മലയാളത്തിലെ മാധ്യമങ്ങൾ ജനാധിപത്യപരമായ മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണെന്നും ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top